v
മീറ്റിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുള്ള ഭക്ഷണ കലവറയുടെയും മറ്റ് സൗകര്യങ്ങളുടെയും ഉദ്ഘാടനം ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിന് പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂ‌ൾ ഇന്നും നാളെയും വേദിയാകും. ഇന്ന് വൈകിട്ട് 3ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എസ്.എൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും.

ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എസ്.എൻ. ഇൻസ്റ്റിറ്റ്യൂഷൻസ് മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, പ്രിൻസിപ്പൽ വി.പി. പ്രതീത, പഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, പൂത്തോട്ട എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത് എന്നിവർ സംസാരിക്കും.

അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലായി 66 ഇനങ്ങളിലാണ് മത്സരം നടക്കുക. രാവിലെ 6 മുതൽ മത്സരങ്ങൾ ആരംഭിക്കും. ക്ലസ്റ്റർ 11ന് കീഴിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴുജില്ലകളിൽ നിന്നുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 125 സ്കൂളുകളിൽ നിന്നായി 2000ൽപ്പരം വിദ്യാർത്ഥികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കായിക താരങ്ങൾക്കും അനുബന്ധ ജീവനക്കാർക്കും ഭക്ഷണത്തിനുള്ള കലവറയുടെയും താമസസൗകര്യങ്ങളുടെയും പ്രവർത്തനോദ്ഘാടനം എ.ഡി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.