കൊച്ചി: ഹൈന്ദവ ക്ഷേത്രങ്ങളെ തകർക്കാൻ കേരളത്തിൽ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ പറഞ്ഞു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നടക്കുന്ന ക്ഷേത്രവിരുദ്ധമായ പ്രവൃത്തികൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരാതനമായ പൂർണത്രയീശ ക്ഷേത്രത്തിലെ ആചാരങ്ങളെയും ക്ഷേത്രമര്യാദകളെയും അട്ടിമറിക്കാനായി സി.പി.എം മതതീവ്രവാദികളുടെ പിന്തുണയോടെ ശ്രമിക്കുകയാണ്. ഇതിനെതിരെ എല്ലാ ഹൈന്ദവവിശ്വസികളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡ് പ്രസിഡന്റ് വി.എൻ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ എൻ.വാസുദേവൻ, പ്രഖണ്ഡ് ജോ.സെക്രട്ടറി പി. അനിത എന്നിവർ സംസാരിച്ചു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ക്ഷേത്രത്തിന് മുന്നിൽ യോഗം ചേർന്നത്. ലായം കൂത്തമ്പലത്തിൽ നിന്ന് തുടങ്ങിയ പ്രകടനത്തിന് വി.എച്ച്.പി. സംസ്ഥാന ട്രഷറർ വി. ശ്രീകുമാർ, ആർ.എസ്.എസ് നഗർ സംഘചാലക് കെ.എൻ.ദേവദാസ്, നഗർ കാര്യവാഹ് ടി. രാകേഷ്, വി.എച്ച്.പി. വിഭാഗ്സംഘടനാ സെക്രട്ടറി ജയശങ്കർ, ജില്ലാ ജോ.സെക്രട്ടറിമാരായ ബി.വി. സുരേഷ്‌കുമാർ, പ്രശാന്ത് വർമ്മ തുടങ്ങിയവർ നേതൃത്വം നൽകി.