പറവൂർ: പറവൂരിലെ തീരദേശമേഖലയിൽ ഒരാഴ്ചയായി കുടിവെള്ളക്ഷാമം. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് പ്രദേശങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ളമെത്താത്ത്. പറവൂർ വാട്ടർ അതോറിട്ടി കേന്ദ്രത്തിൽ നിന്ന് പമ്പിംഗ് സമയം കുറച്ചതോടെയാണ് ദൂരെയുള്ള പ്രദേശത്ത് വെള്ളമെത്താത്തത്. രണ്ട് ദിവസമായി പമ്പിംഗ് പൂർണമായും നിലച്ചിരിക്കുകയാണ്. ചിറ്റാറ്റുകര പഞ്ചായത്തിലെ താന്നിപ്പാടം മേഖലയിലും ക്ഷാമമുണ്ട്. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് പമ്പിംഗ് സമയം കുറച്ചതെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. എന്നാൽ ഇത്രയും നീണ്ടദിവസം അറ്റകുറ്റപ്പണികൾ നടത്താറില്ല. അത്തരം ഘട്ടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ മറ്റു സംവിധാനങ്ങൾ ഒരുക്കാറുണ്ട്. ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നും അടിയന്തരമായി പമ്പിംഗ് ആരംഭിക്കണമെന്നും പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ആവശ്യപ്പെട്ടു.