kurumassery

നെടുമ്പാശേരി: കുറുമശേരിയിൽ അനധികൃത വഴിയോരക്കച്ചവടം കർശനമായി നിയന്ത്രിക്കുമെന്ന് പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അറിയിച്ചു. ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി വ്യാപാരികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് പഞ്ചായത്തിൽ യോഗം വിളിക്കും. വിവിധ ആവശ്യങ്ങൾക്കായി കുറുമശേരിയിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി പൊതു ടോയ്‌ലറ്റ് നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതും പരിശോധിക്കും.

നിവേദനം നല്കിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യാപാരികളുമായി ചർച്ച നടത്തിയാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോയ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സി.പി. തരിയൻ, പ്രമോദ് പള്ളത്ത്, പി.ഡി. രവീന്ദ്രൻ, എ.എം. ശ്രീജിത്ത്, അമൽ പാട്ടീൽ എന്നിവരും സന്നിഹിതരായിരുന്നു.