
പറവൂർ: പെരിയാറിന്റെ കൈവഴിയിൽ ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് വള്ളംകളി മത്സരത്തിൽ താണിയനും ചെറിയപണ്ഡിതനും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്, കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. ഗോതുരുത്ത് വള്ളംകളിയിൽ താണിയന്റെ തുടർച്ചയായ രണ്ടാം കിരീടമാണ്. ബി ഗ്രേഡിലെ ഫൈനലിൽ മഞ്ഞനക്കാട് എം.ബി.സി തുഴഞ്ഞ ചെറിയപണ്ഡിതൻ, വടക്കുംപുറം പി.ബി.സി തുഴഞ്ഞ വടക്കുംപുറം വള്ളത്തെ തോൽപിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. എസ്.എ.സി പ്രസിഡന്റ് നിവിൻ മിൽട്ടൻ അദ്ധ്യക്ഷനായി. വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ പതാക ഉയർത്തി. ഫാ. ഗിൽബർട്ട് തച്ചേരി ട്രാക്ക് ആശീർവദിച്ചു. കൊച്ചി കസ്‌റ്റംസ് കമ്മിഷണർ ഗുർക്കരൻ സിംഗ് ബെയിൻസ് ഫ്ലാഗ്ഓഫ് ചെയ്‌തു. മുത്തൂറ്റ് അക്കാദമി ടെക്നിക്കൽ ഡയറക്‌ടർ ബിജോയ് ബാബു തുഴ കൈമാറി. ക്ലബ് സെക്രട്ടറി അനീഷ് റാഫേൽ, വള്ളംകളി ജനറൽ കൺവീനർ നിഥിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
18 വള്ളങ്ങൾ മാറ്റുരച്ചു
ഇരു വിഭാഗങ്ങളിലായി പതിനെട്ട് വള്ളങ്ങൾ പങ്കെടുത്തു. കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മദ്ധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിൽ 516 മീറ്റർ ദൂരമുള്ള ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബാണ് ജലമേള സംഘടിപ്പിച്ചത്.