kv

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് കേവി എന്ന കേരളവർമ്മ ഇന്ത്യൻ കാർട്ടൂണിന്റെ അനശ്വര പ്രതിനിധിയാണെന്ന് കേരള കാർട്ടൂൺ അക്കാഡമി മുൻ ചെയർമാൻ അഡ്വ. എം. എം. മോനായി പറഞ്ഞു. ഒരു വർഷം നീളുന്ന കേരളവർമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർട്ടൂൺ അക്കാഡമിയും എ.കെ.ജി സ്മാരക ഗ്രാമീണ ഗ്രന്ഥശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

വർമ്മ വരച്ച കാർട്ടൂണുകൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അത് സംരക്ഷിച്ച് വരും തലമുറയ്ക്ക് പാഠമാക്കാൻ കേരള കാർട്ടൂൺ അക്കാഡമി മന്നോട്ട് വരണമെന്ന് എം. എം. മോനായി പറഞ്ഞു.

ഗ്രന്ഥശാല രക്ഷാധികാരി ടി. രഘുവരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരനായ ബിനുരാജ് കലാപീഠം സ്വാഗതവും ഗ്രന്ഥശാലാ സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു. കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാൻമാരായ സജീവ് ബാലകൃഷ്ണൻ , അനൂപ് രാധാകൃഷ്ണൻ, ട്രഷറർ അഡ്വ പി.യു . നൗഷാദ്, എഴുത്തുകാരൻ വെണ്ണല മോഹനൻ, എസ്.എൻ.ഡി.പി. യോഗം ഉദയംപേരൂർ ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ് എന്നിവർ ചടങ്ങിൽസംസാരിച്ചു.

കേരള വർമ്മ

വലിയകോയിത്തമ്പുരാന്റെയും എ.ആർ.രാജരാജ വർമ്മയുടെയും പിൻതലമുറക്കാരൻ കൂടിയാണ് കേരളവർമ്മ. ഡെൽഹിയിൽ ശങ്കറിന്റെ ശിക്ഷണത്തിൽ കാർട്ടൂൺ രംഗത്ത് ശ്രദ്ധ നേടി. ഈസ്റ്റേൺ എക്കണോമിസ്റ്റിൽ കാർട്ടൂണിസ്റ്റായി ചേർന്നപ്പോഴാണ് കേരളവർമ്മ എന്നുള്ള പേരിൽ നിന്ന് കേവി എന്ന ചുരുക്കപ്പേരിലേക്ക് അദ്ദേഹം മാറിയത്. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ രംഗത്ത് നെഹ്രുവിന്റെയും ഇന്ദിര ഗാന്ധിയുടെയും കാലഘട്ടത്തിൽ കാർട്ടൂൺ രംഗത്ത് തിളങ്ങി നിന്ന മലയാളി കാർട്ടൂണിസ്റ്റായിരുന്നു കേവി.