പള്ളുരുത്തി: കടൽകയറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരം ശക്തമാക്കുന്നു. ജൂലായ് അഞ്ചിന് കണ്ണമാലിയിൽ നടത്തിയ റോഡ് ഉപരോധത്തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്.
കേരളപ്പിറവി ദിനത്തിൽ തോപ്പുംപടിയിൽ 24 മണിക്കൂർ നിരാഹാരസമരം സംഘടിപ്പിക്കും കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തു പുറംകടലിൽ തള്ളുകയും വിൽക്കുകയും ചെയ്യുന്ന മണ്ണ് തീരത്ത് അടിയുന്ന തരത്തിൽ നിക്ഷേപിച്ച് തീര പുനർനിർമ്മാണം നടത്തണമെന്നും പുത്തൻതോട് മുതൽ ഫോർട്ടുകൊച്ചി വരെ ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കുകയും ചെയ്യണമെന്ന ജനകീയ വേദിയുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകുകയും കൊച്ചിൻ പോർട്ടിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നെങ്കിലും പോർട്ട് അധികൃതർ ഒളിച്ചുകളി നടത്തുകയാണെന്ന് വേദി ഭാരവാഹികൾ ആരോപിച്ചു.
മറിയാമ്മ ജോർജ് (ചെയർപേഴ്സൺ), അഡ്വ തുഷാർ നിർമൽ സാരഥി (ആക്ടിംഗ് ചെയർപേഴ്സൺ), വി.ടി. സെബാസ്റ്റ്യൻ (ജനറൽ കൺവീനർ) തുടങ്ങിയവരാണ് ജനകീയവേദിയുടെ പുതിയ ഭാരവാഹികൾ. യോഗത്തിൽ സുജ ഭാരതി, എ എൽ കുര്യൻ, മെറ്റിൽഡ ക്ലീറ്റസ്, റീന സാബു തുടങ്ങിയവർ സംസാരിച്ചു.