മൂവാറ്റുപുഴ: ഓണത്തോടെ കേരളത്തിൽ ഉത്സവക്കാലത്തിന് തുടക്കമായി. ഇതോടെ തുടർച്ചയായി പത്താം വർഷത്തിലും നിറയെ വേദികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അങ്കമാലി അമൃതയുടെ നാടകം മാന്ത്രികച്ചെപ്പിന്റെ അണിയറക്കാർ. 2000ൽ വേദിയിലെത്തിയ മാന്ത്രികച്ചെപ്പ് " എന്ന നാടകം പത്താമത് വർഷത്തിലും അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുര്യനാട് ചന്ദ്രൻ രചിച്ച് ബിമൽ മുരളി സംവിധാനം ചെയ്ത ഈ നാടകം ഇതിനോടകം 1124 വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. സ്ത്രീധനം, മദ്യപാനം, കൂട്ട ആത്മഹത്യ, കൊലപാതകം, ബ്ലേഡ് മാഫിയ എന്നീ സാമൂഹിക വിപത്തുകളിൽപ്പെട്ട് റിട്ട. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അച്യുതപ്പണിക്കരുടെ കുടുംബം തകരുന്നതാണ് മാന്ത്രികച്ചെപ്പിന്റെ ഇതിവൃത്തം. സംഘർഷഭരിതമായ നിരവധി മുഹൂർത്തങ്ങളാണ് നാടകത്തിലുള്ളത്.
നിലമ്പൂർ ജോയി , ജയചന്ദ്രൻ കാഞ്ഞിരമറ്റം, സൂരജ് വെണ്ണിക്കുളം, അഭി കുമ്പളം, മനു മാനത്തൂർ (റൂബിൻ കാവാലം) അമ്പിളി, ജിനു എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പുതിയ കാലത്ത് നാടകത്തിന്റെ തിരിച്ചുവരവ് ശക്തമാണ് എന്ന് വ്യക്തമാക്കിയാണ് ഓർമ്മച്ചെപ്പ് പത്താം വർഷത്തിലും പ്രേക്ഷക പ്രീതി നേടുമെന്ന ഉറപ്പിൽ വേദികളിലേക്ക് എത്തുന്നത്. അങ്കമാലി അമൃത മാത്രമല്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സമിതികളാണ് ഇത്തവണ നാടകവുമായി ഈ ഉത്സവകാലത്ത് ഒരുങ്ങിയിരിക്കുന്നത്.