mulavoor

മൂവാറ്റുപുഴ: നൂറുകണക്കിനാളുകളുടെ ആശ്രയമായ മുളവൂർ തോട്ടിലേക്ക് വീണ്ടും മലിനജലം ഒഴുക്കി. അറവു മാലിന്യമടക്കമുള്ള തള്ളുന്നതിന് പുറമെ മലിനജലം കൂടി ഒഴുക്കിയതോടെ തോട് പൂർണമായും മാലിന്യ വാഹിനിയായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മലിനജലമൊഴുക്കൽ ഇല്ലായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് കുളിക്കാൻ എത്തിയവരാണ് തോടിലെ വെള്ളത്തിന്റെ നിറംമാറ്റം ശ്രദ്ധിച്ചത്. മഴക്കാലമായതിനാൽ തോട് നിറഞ്ഞാണ് ഒഴുകിയിരുന്നത്. എന്നാൽ തോട്ടിൽ വെള്ളം കുറഞ്ഞതോടെയാണ് വെള്ളത്തിന്റെ നിറമാറ്റം വ്യക്തമായത്. തോട്ടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.

പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിലൊന്നായ മുളവൂർ തോട് മാലിന്യ നിക്ഷേപവും അനധികൃത കൈയേറ്റവും മൂലവും ഇന്ന് നാശത്തിന്റെ വക്കിലാണ്. നിരവധി പേർ കുളിക്കുന്നതിനും കൃഷിയ്ക്കും ഉപയോഗിക്കുന്ന മുളവൂർ‍ തോട് കടുത്ത വേനലിലും ജലസമൃദ്ധമാണ്. നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്ന് ഉത്ഭവിച്ച് നെല്ലിക്കുഴി, പായിപ്ര പഞ്ചായത്തുകളിലൂടെ ഒഴുകി മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ‍ തോട്.