 
കൊച്ചി: ശനിയാഴ്ച നിര്യാതനായ മുൻ എൽ.ഡി.എഫ് കൺവീനറും മുതിർന്ന സി.പി.എം നേതാവുമായ എം.എം. ലോറൻസിന് ഇന്ന് കേരളം യാത്രാമൊഴിയേകും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 8ന് മകൻ അഡ്വ. അബിയുടെ കടവന്ത്ര ഗാന്ധി നഗറിലെ വീട്ടിൽ കൊണ്ടുവരും. 9ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ
ലെനിൻ സെന്ററിലെത്തിക്കും. ഇവിടെ വച്ച് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ റീത്ത് സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിക്കും.
10 മുതൽ വൈകിട്ട് നാല് വരെ എറണാകുളം ടൗൺ ഹാളിലാണ് പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങളും പൊളിറ്റ് ബ്യൂറോ പ്രതിനിധികളും എത്തും. തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും.