karimeen

കൊച്ചി​: പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ വി​ദ്യാർത്ഥി​കളുടെ കരി​മീൻ കൃഷി​ വി​പ്ളവം. സംസ്ഥാന ഫി​ഷറീസ് വകുപ്പി​ന്റെ സഹായത്തോടെ കരി​മീൻ കുഞ്ഞുങ്ങളെ ഉത്പാദി​പ്പി​ച്ച് വി​തരണം ചെയ്യുന്നതാണ് പദ്ധതി​. ഇതി​നായി​ അരയേക്കറോളം വലി​പ്പമുള്ള കുളം തയ്യാറാക്കി​ കഴി​ഞ്ഞു.

കോളേജി​നെ നേച്ചർ ക്ളബി​ന്റെയും എൻ.എസ്.എസ് യൂണി​റ്റി​ന്റെയും നേതൃത്വത്തി​ലാണ് പുതി​യ സംരംഭം. കോളേജി​നോട് ചേർന്നുള്ള ചതുപ്പ് ഭൂമി​യിൽ കുളം തയ്യാറാക്കി​. കരി​മീൻ കുഞ്ഞുങ്ങളെ ഫി​ഷറീസ് വകുപ്പ് തന്നെ തി​രി​കെ വാങ്ങും. ആവശ്യക്കാർക്ക് നേരി​ട്ടും വി​ൽക്കാം. ലാഭം കോളേജി​ലെ വി​ദ്യാർത്ഥി​ ക്ഷേമത്തി​ന് ഉപയോഗിക്കും. ആയി​രം വി​ദ്യാർത്ഥി​കളുള്ള കോളേജി​ലെ നൂറോളം പേരാണ് കരിമീൻ വിത്ത് ഉൽപാദന കേന്ദ്രത്തി​ന്റെ പി​റകി​ൽ. ഇവർക്ക് ഫി​ഷറീസ് വകുപ്പ് പ്രത്യേക പരി​ശീലനവും നൽകി​. നാലു മാസം കൊണ്ടാണ് കുഞ്ഞുങ്ങളെ ഉത്പാദി​പ്പി​ക്കുക. 400 കരിമീൻ ഇണകളെയാണ് കുളത്തിൽ വളർത്തുക. ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാറ്റിക്കൊണ്ടിരിക്കും.

കേരളത്തി​ന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീൻ. ആവശ്യത്തി​ന് മീൻകുഞ്ഞുങ്ങൾ ലഭ്യമല്ലാത്തത് മത്സ്യകൃഷി​യി​ൽ വലി​യ പ്രതി​സന്ധി​യായി​രുന്നു. അത് പരി​ഹരി​ക്കാനുള്ള ഫി​ഷറീസ് വകുപ്പി​ന്റെ പദ്ധതി​യുടെ ഭാഗമാകുകയായി​രുന്നു ശാശ്വതി​കാനന്ദ കോളേജെന്ന് ചുമതലയുള്ള വൈസ് പ്രി​ൻസി​പ്പൽ കെ.എൻ.ശ്രീകാന്ത് പറഞ്ഞു.

 പദ്ധതി ഉദ്ഘാടനം ഇന്ന്

ഇന്ന് ഉച്ചയ്ക്ക് മൂന്നി​ന് ഹൈബി​ ഈഡൻ എം.പി​യാണ് പദ്ധതി​ ഉദ്ഘാടനം ചെയ്യുക. എസ്.എൻ.ഡി​.പി​. യോഗം പൂത്തോട്ട ശാഖാ പ്രസി​ഡന്റും എസ്.എൻ.എജ്യൂക്കേഷണൽ ഇൻസറ്റി​റ്റ്യൂഷൻ മാനേജരുമായ എ.ഡി​.ഉണ്ണിക്കൃഷ്ണൻ, പ്രി​ൻസി​പ്പൽ കെ.എസ്.ഉല്ലാസ്, മുൻ മാനേജൻ ഇ.എൻ.മണി​യപ്പൻ, സെക്രട്ടറി​ കെ.കെ. അരുൺ​കാന്ത് തുടങ്ങി​യവർ പങ്കെടുക്കും.

 കരിമീൻകുഞ്ഞുങ്ങളെ

ഉത്പാദിപ്പിക്കുന്ന പദ്ധതി

• ഒരു ഏക്കർകുളം

• 400 കരിമീൻ ഇണകൾ

• രണ്ടു ലക്ഷം ചെലവ്

• നാലുമാസം കൊണ്ട് എട്ട് ലക്ഷം രൂപയുടെ കുഞ്ഞുങ്ങൾ