* ദുരന്തം ജന്മദിനത്തിൽ
പിറവം: ഓണക്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരുവാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു.
കാക്കൂർ മുകുളേൽ അനിയുടെ മകൻ അതുൽ അനിയാണ് (22) മരിച്ചത്. അതുലിന്റെ ജന്മദിനമായ ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് അപകടം. പിറവം ലക്ഷ്മി ആശുപത്രിയിലെ നഴ്സായ മാതാവ് വത്സയുമായി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഓണക്കൂർ പള്ളിപ്പടിയിൽ കക്കാട് റോഡിലേയ്ക്ക് തിരിയുന്നതിനിടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുലിനെ പിറവം താലൂക്ക് ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിറവത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എറണാകുളത്ത് ജർമ്മൻ ഭാഷാ കോച്ചിംഗ് വിദ്യാർത്ഥിയാണ് അതുൽ. സഹോദരി: അവന്തിക.
അപകടത്തിൽ കൈകൾക്ക് സാരമായി പരിക്കേറ്റ വത്സയെ (49) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ബൈക്ക് യാത്രക്കാരായ കക്കാട് ചെറുകര സി.എൻ. ഷാജു (62), മാന്തടത്തിൽ ടി.കെ. രാജു (64) എന്നിവവരെ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.