കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരിക്കേല്പിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി.ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ഗുരുതരമാണെന്നും അന്വേഷണം പൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂലായ് 28നായിരുന്നു വെടിവയ്പ്.കൊറിയർ വിതരണക്കാരിയായി ആൾമാറാട്ടം നടത്തി ഷിനിയുടെ വീട്ടിലെത്തിയ ദീപ്തിമോൾ നിറയൊഴിക്കുകയായിരുന്നു.ഷിനിയുടെ കൈയിലാണ് വെടിയേറ്റത്.

ഷിനിയുടെ ഭർത്താവ് സുജിത്തുമായി പ്രതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഇയാൾ പിന്നീട് അകലാൻ കാരണം ഷിനിയുടെ സ്വാധീനമാണെന്നും കരുതി അവരെ ഇല്ലാതാക്കാനാണ് പ്രതി ശ്രമി​ച്ചതെന്നും പ്രോസി​ക്യൂഷൻ വാദി​ച്ചു.പൊലീസ് അന്വേഷണം തുടരുകയാണ്. ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും വാദിച്ചു.