അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ യാർഡ് നവീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിക്കാൻ പ്രത്യേകാനുമതി ലഭ്യമായതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. യാർഡ് നവീകരണ പദ്ധതിക്ക് ആദ്യം ശുപാർശ നൽകിയെങ്കിലും അറ്റകുറ്റപ്പണികൾക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ലെന്ന് കാണിച്ച് സർക്കാർ ഈ ശുപാർശ തള്ളിയിരുന്നു. കോടികൾ മുടക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ ശോചനീയാവസ്ഥയിലാണ്. അങ്കമാലി കെ.എസ്.ആർ.ടി.സി ടെർമിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രയാസവും കണക്കിലെടുത്താണ് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ ഇപ്പോൾ പ്രത്യേകാനുമതി ലഭിച്ചിരിക്കുന്നത്. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണെന്നും എം.എൽ.എ അറിയിച്ചു.