
കോതമംഗലം: പുരയിടത്തിൽ കയറി കോഴിയെ കൊന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലത്തിന് സമീപം രാമല്ലൂർ സ്വദേശി ജോൺസന്റെ പുരയിടത്തിൽ ഇന്നലെ രാവിലെയെത്തി പെരുമ്പാമ്പ് കോഴിയെ പിടികൂടി. ഒച്ച കേട്ട് ആളുകൾ എത്തിയപ്പോൾ പെരുമ്പാമ്പ് പുരയിടത്തിനോട് ചേർന്നൊഴുകുന്ന ചെറിയ തോട്ടിലേക്ക് ചാടി. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പാമ്പുപിടിത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സാഹസികമായി പാമ്പിനെ ചാക്കിലാക്കുകയായിരുന്നു. 12 അടിയോളം നീളവും ഏകദേശം 35 കിലോ തൂക്കവും വരുന്ന പാമ്പിനെ കോതമംഗലം വനം വകുപ്പിന് കൈമാറി. പാമ്പുപിടിത്തത്തിനിടെ കുപ്പിച്ചില്ല് കാലിൽ തറച്ച് പരിക്കേറ്റ മാർട്ടിൻ മേയ്ക്കമാലി ആശുപത്രിയിൽ ചികിത്സ തേടി.