
കൊച്ചി: 100മീറ്റർ ഓട്ടത്തിൽ മറ്റെല്ലാ കാറ്റഗറികളിലും മത്സരം ഫോട്ടോ ഫിനിഷിന് തുല്യമായി നീണ്ടപ്പോൾ പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗം മാത്രം വ്യത്യസ്തമായി. എതിരാളികളെ ഏറെ ദൂരം പിന്നിലാക്കിയാണ് തിരുവാണിയൂർ സ്റ്റെല്ല മാരിസ് കോൺവെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഋതിക അശോക് സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ മീറ്റിൽ സ്വർണ്ണം നേടിയത്. സംസ്ഥാനതലത്തിൽ തുടർച്ചയായ മൂന്നാം സ്വർണ്ണം. ദേശീയതലത്തിൽ സ്വർണ്ണം നേടണമെന്നുള്ള അതിയായ ആഗ്രഹമാണ് ഋതികയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടു വർഷവും വെള്ളിയായിരുന്നു.
എല്ലാ ദിവസവും രാവിലെ രണ്ടര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും നടത്തുന്ന കഠിനമായ പരിശീലനമാണ് സ്വർണ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഋതിക പറയുന്നു. എം.ജി സർവകലാശാല മുൻ ചാമ്പ്യൻ അശ്വിൻ ബി. മേനോനാണ് ഋതികയുടെ കോച്ച്. പി.ആർ. അശോക് കുമാറിന്റെയും അജിതയുടെയും മകളാണ്. സഹോദരൻ: ഋഷി.