കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ ഹർജിയിൽ സി.പി.എമ്മിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ. ഹർജിയിൽ പറയുന്നത്:
1. പിതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനം. അദ്ദേഹം മതവിശ്വാസിയായിരുന്നു എന്നത് മറച്ചുവയ്ക്കാനുള്ള പാർട്ടി നിർദ്ദേശത്തിന് വഴങ്ങാൻ തന്റെ സഹോദരങ്ങൾ നിർബന്ധിതരായി.
2. ലോറൻസും അമ്മ ബേബിയും വിവാഹിതരായത് 1959ൽ തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ. മക്കളെ പെരുമാനൂർ സെന്റ് ജോർജ് പള്ളിയിൽ മാമ്മോദീസ മുക്കിയിരുന്നു. തന്റെ വിവാഹമടക്കം വിവിധ പള്ളികളിലാണ് നടന്നത്. ലോറൻസ് പിന്നീട് കതൃക്കടവ് പള്ളി ഇടവകാംഗമായി തുടരുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
3. സിപി.എം കേന്ദ്ര കമ്മിറ്റിയംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായിരുന്ന പിതാവിനെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. പിന്നീട് സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയെങ്കിലും അവഗണിച്ചു. ആത്മകഥ വാങ്ങിയെടുത്ത് പാർട്ടി വെട്ടിത്തിരുത്തി.
4. ഗാന്ധിനഗറിൽ ലോറൻസ് സ്വന്തമായി പണിത വീട് സഹോദരൻ സ്വന്തമാക്കി. ഇവർക്കൊപ്പമായിരുന്ന മാതാവിനെ അനാവശ്യമായി പലപ്പോഴും മനോരോഗാശുപത്രിയിലാക്കി. 2005ൽ അമ്മയെ കണ്ടെത്താനാകാതെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകേണ്ടിവന്നു. പൊലീസ് സഹായത്തോടെ അന്ന് ഒരു മെന്റൽ ഹോസ്പിറ്റലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
5. അമ്മ പിന്നീട് സഹോദരിക്കൊപ്പം പോയി. ഗാന്ധിനഗറിലെ വീട്ടിൽ കയറ്റാതെ വന്നതോടെ അമ്മയെ ജോലിക്കാരിക്കൊപ്പം ഫ്ലാറ്റിൽ താമസിപ്പിച്ചു. 2014ൽ അവിടെ വച്ച് പൊള്ളലേറ്റ നിലയിലാണ് മരിച്ചത്. സമീപത്ത് ആശുപത്രിയുണ്ടായിരുന്നെങ്കിലും മറ്റൊരു ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
6. പിതാവ് 2021വരെ ഗാന്ധിനഗറിലെ വസതിയിലായിരുന്നു. തുടർന്ന് സഹോദരന്റെ സുഹൃത്ത് അഡ്വ. അരുൺ ആന്റണിയുടെ വീട്ടിലേക്ക് മാറ്റി. അവിടെ ഭക്ഷണമോ പരിചരണമോ ലഭിച്ചില്ല. പാർട്ടി ജില്ല ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്ന് ഭക്ഷണം കൊടുത്തിരുന്നു. എന്നാൽ പ്രവർത്തകർ മടുത്തതോടെ പിതാവിനെ മറ്റു മക്കൾ ചേർന്ന് ആശുപത്രിയിലാക്കി ബാദ്ധ്യത ഒഴിവാക്കാൻ ശ്രമിച്ചു.