കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ യാത്രക്കാരെ വലച്ച് ഗതാഗത തടസം. ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ച് മാറ്റുന്നതിന്റെ പേരിലാണ് അധികൃതർ ഗതാഗതം തടസപ്പെടുത്തിയത്. തിങ്കൾ രാവിലെ 10.30 ഓടെ ആരംഭിച്ച ഗതാഗത തടസം വൈകിയാണ് അവസാനിച്ചത്. ചൂണ്ടി എൽ.പി സ്കൂളിന് മുന്നിലെ മൂന്ന് മാവുകളാണ് മുറിച്ച് മാറ്റിയത്. കോലഞ്ചേരിയിൽ നിന്ന് വന്ന വാഹനങ്ങൾ പത്താം മൈലിൽ നിന്നും എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകുരിശിൽ നിന്നും തിരിച്ചുവിട്ടതോടെ ഉൾ റോഡുകളിൽ ഗതാഗതക്കുരുക്കായി. മുന്നറിയിപ്പില്ലാതെ നടത്തിയ മരം മുറിക്കലാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്.