
കൊച്ചി: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത എം.ആർ.ഐ സ്കാനിംഗ് മെഷീൻ ഉൾപ്പെടെ ചികിത്സാ ഉപകരണങ്ങൾ എത്തിത്തുടങ്ങിയതോടെ കൊച്ചി കാൻസർ റിസർച്ച് സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനത്തിന് സജ്ജമാകുന്നു. നൂറു കിടക്കകളും ഒരു ഓപ്പറേഷൻ തിയേറ്ററുമായി ജനുവരിയിൽ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.
കളമശേരിയിൽ മെഡിക്കൽ കോളേജിനോട് ചേർന്നാണ് 450 കോടി രൂപ ചെലവിൽ ക്യാൻസർ ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെ സ്ഥാപിക്കുന്ന ജോലികളാണ് ബാക്കിയുള്ളത്.
കാൻസർ സെന്ററിന്റ കെട്ടിടത്തിന്റെ നിർമ്മാണച്ചെലവും കിഫ്ബി വഴിയാണ് നൽകുന്നത്. 450 കോടി രൂപ ചെലവുള്ള ആദ്യകെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നവംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. 2014ൽ ആരംഭിച്ച കെട്ടിടനിർമ്മാണം വിവിധ തടസങ്ങൾ മൂലം പൂർത്തിയാകാൻ വൈകുകയായിരുന്നു. കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ ഉൾപ്പെടെ അനുമതിപത്രം ലഭിക്കുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു. ഇൻകെല്ലിനാണ് കെട്ടിട നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.
ചികിത്സാ ഉപകരണങ്ങൾ എത്തിത്തുടങ്ങി
സെന്ററിൽ സ്ഥാപിക്കാൻ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത എം.ആർ.ഐ സ്കാനിംഗ് മെഷീൻ കഴിഞ്ഞയാഴ്ച എത്തി. രണ്ടാഴ്ചയ്ക്കകം മെഷീൻ സ്ഥാപിക്കും. സി.ടി സ്കാൻ മെഷീൻഉൾപ്പെടെ അടുത്ത മാസങ്ങളിൽ എത്തും. അത്യാധുനിക കാൻസർ നിർണയ, ചികിത്സാ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴിയാണ് വാങ്ങുന്നത്. 210 കോടി രൂപ കിഫ്ബി ഇതിനായി അനുവദിച്ചിട്ടുണ്ട്. റേഡിയേഷൻ സംവിധാനം, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ സംവിധാനങ്ങൾ, കീമോതെറാപ്പി, അനസ്തേഷ്യ മെഷീൻ സൗകര്യം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.
തസ്തികകൾ സൃഷ്ടിക്കും
പുതിയ കെട്ടിടത്തിൽ ആവശ്യമായ ഡോക്ടർമാരുടെ ഉൾപ്പെടെ തസ്തികകൾ ഉൾപ്പെടെ സൃഷ്ടിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. 350 ഓളം തസ്തികകൾക്കാണ് ശുപാർശ നൽകിയത്. സർജിക്കൽ ഓങ്കോളജിസ്റ്റുമാർ മുതൽ നഴ്സുമാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയ തസ്തികളിലാണ് നിയമനം നടത്തേണ്ടത്.
വാങ്ങുന്നവ
ഉപകരണങ്ങൾ 170
ഫർണിച്ചറുകൾ 225
സെന്റർ സൗകര്യങ്ങൾ
ആദ്യഘട്ടത്തിൽ കിടക്കകൾ 100
ആകെ കിടക്കകൾ 300
ഓപ്പറേഷൻ തിയേറ്റർ 1
രണ്ടാം തിയേറ്റർ 6 മാസത്തിനകം
ആകെ തിയേറ്റർ 10
റോബോട്ടിക് തിയേറ്റർ 1
കാഷ്വാലിറ്റി 1
പാലിയേറ്റീവ് കെയർ 1
''സർക്കാർ, കിഫ്ബി, ഇൻകെൽ എന്നിവയുടെയും പൊതുജനങ്ങളുടെയും സഹകരണവും പിന്തുണയും സെന്റർ നിർമ്മാണത്തിന് ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് സഹായകമായ അനുബന്ധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കും.""
ഡോ.പി.ജി. ബാലഗോപാൽ
ഡയറക്ടർ
കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ