1
ആദമിനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കാണാതായ ആദം ജോൺ ആന്റണിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളുരുത്തി പൊലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. കോൺഗ്രസ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.എച്ച്. ഹരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. ശ്രീകുമാർ, കൗൺസിലർ അഭിലാഷ് തോപ്പിൽ, വി. എഫ്. ഏണസ്റ്റ്, പോൾ പുന്നക്കാട്ടുശേരി, സുമിത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു. ആർ. സന്തോഷ്, പി.ജി. ഗോപിനാഥ്, ലൈല വിൻസന്റ്, ജാൻസി ജോസഫ്, ഷിൻസൻ, അഖിൽ, ജോസി ചാണയിൽ, അരുൺകുമാർ, ഷാജി, ജെൻസൻ, പീറ്റർ, ഷോണി റാഫേൽ,പി.ജി. പിള്ള, സാബു,തോമസ്, സഞ്ജു, റൂബി, രമേശ്, ജോസഫ്, ആരിഫ, മഞ്ജു ടീച്ചർ, നൗഫിയ, ആൻസൽ, അജീഷ് എന്നിവർ നേതൃത്വം നൽകി.

സി.എ വിദ്യാർത്ഥിയായ ആദത്തെ ജൂലായ് 27നാണ് കാണാതാവുന്നത്. എന്നും പുലർച്ചെ സൈക്ലിംഗ് നടത്തുന്ന ആദം കാണാതാവുന്ന ദിവസം മൂന്ന് മണിയോടെ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയതാണ്. അന്വേഷണത്തിൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡ് വരെ സൈക്കിൾ ചവിട്ടി എത്തിയതായി വ്യക്തമായിയിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. ആദം ഫോൺ വീട്ടിൽവച്ചു പോയതിനാൽ മൊബൈൽടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനായില്ല. ടാക്സ് കൺസൽട്ടന്റുമാരായ ആന്റണിയുടെയും സിമിയുടെയും മകനാണ് ആദം. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.