mm-lawrence

കൊച്ചി: എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണോ മതാചാരപ്രകാരം സംസ്കരിക്കണമോ എന്നതിൽ മൂന്ന് മക്കളെയും കേട്ട് തീരുമാനമെടുക്കാമെന്ന് എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഹൈക്കോടതി നിർദ്ദേശം നൽകി. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം. മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണിത്.

കേരള അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിർദ്ദേശം. മൃതദേഹം പഠനാവശ്യത്തിനായി കൈമാറണമെന്ന് പിതാവ് പറഞ്ഞിരുന്നതായി മറ്റ് രണ്ട് മക്കളായ അഡ്വ.എം.എൽ. സജീവനും സുജാത ബോബനും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് സത്യവാങ്മൂലം നൽകിയിരുന്നു. ഇക്കാര്യത്തിൽ രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ആശ വാദിച്ചു. മൃതദേഹം പഠനാവശ്യത്തിന് നൽകണമെന്ന് പിതാവ് തങ്ങളോടും അനുയായികളോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു സഹോദരങ്ങളുടെ വിശദീകരണം. തുടർന്നാണ് മൂന്ന് മക്കളെയും കേട്ട് തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് കോടതി ഹർജി തീർപ്പാക്കിയത്.
പ്രത്യേകം പരാമർശിച്ചാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഹർജി കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നത്. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ നിശ്ചയിച്ചിരുന്ന സമയം നാലു മണിയായിരുന്നു.
സഹോദരങ്ങൾ പറയുന്നത് നുണയാണെന്നും മൃതദേഹം പഠനാവശ്യത്തിനായി കൈമാറണമെന്ന പരാമർശം പിതാവിന്റെ ആത്മകഥയിൽ പോലും ഇല്ലെന്നും ആശ കോടതിയെ അറിയിച്ചു. മറിച്ചുള്ള തീരുമാനത്തിനു പിന്നിൽ സി.പി.എമ്മാണ്. തങ്ങളുടെ നേതാവ് അവിശ്വാസിയായിരുന്നുവെന്ന് കാണിക്കാനാണിത്. ഇക്കാര്യത്തിൽ തന്റെ അനുമതി തേടിയില്ല.
പിതാവ് പാരിഷ് അംഗമാണ്. മതപരമായ എല്ലാ ചടങ്ങുകളും കൃത്യമായി ചെയ്തിരുന്നുവെന്നും ഹർജിക്കാരി വാദിച്ചു. പിതാവിന്റെ വിവാഹവും മാതാവിന്റെ സംസ്‌കാരവുമൊക്കെ നടന്നത് പള്ളിയിലാണെന്നും ചൂണ്ടിക്കാട്ടി. മൃതദേഹം കൊച്ചി കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നത് വിലക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.