കൊച്ചി: സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളാണ് ഹോട്ടലിൽ എത്തി ആളെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്.
ഈ മാസം 11നാണ് എം.ജി റോഡിലെ ഹോട്ടലിൽ ഷാനുവും സുഹൃത്തുക്കളും മുറിയെടുത്തത്. സുഹൃത്തുക്കൾ സിനിമയുടെ ആവശ്യത്തിനായി പോയിട്ടും മൂന്നു ദിവസമായി ഷാനു ഹോട്ടലിൽ തുടർന്നു. റൂം ബോയി മുറി ഒഴിയുന്ന കാര്യം തിരക്കാനായി എത്തിയപ്പോൾ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. പൊലീസെത്തി മരണം സ്ഥിരീകരിച്ചു.
സുഹൃത്തുക്കളുടെ പേരിലാണ് മുറിയെടുത്തിരുന്നത്. വീട്ടുകാർ തിരുവനന്തപുരത്ത് നിന്ന് എത്തിയ ശേഷമേ മരിച്ചത് ഷാനുവാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി.
മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അസ്വാഭാവിക മരണത്തിന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.