കൊച്ചി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 2022-23 ൽ ജനകീയാസൂത്രണ പദ്ധതിയിൽ വിതരണം ചെയ്ത സമൃദ്ധി ജൈവവളം മായം കലർന്നതാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. കമ്മീഷന്റെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണം. വളത്തിൽ വർദ്ധിച്ച തോതിൽ പാറപ്പൊടി ചേർത്തെന്നാണ് ആക്ഷേപം. കാർബൺ - നൈട്രജൻ അനുപാതം ശരിയല്ല, 25 ശതമാനം കർഷക വിഹിതം നൽകിയാണ് ഗുണനിലവാരമില്ലാത്ത വളം വിൽക്കുന്നത്, കർഷകരെ വളം കമ്പനികൾ വർഷങ്ങളായി ചൂഷണം ചെയ്യുന്നു, പിന്നിൽ വൻലോബിയുണ്ട് തുടങ്ങിയവയായിരുന്നു പരാതിക്കാരൻ സജി കൂടിയിരിപ്പലിന്റെ ആക്ഷേപം.
700 ഓളം പെർമിറ്റുകൾ വിതരണം ചെയ്ത‌തിൽ നാലെണ്ണത്തിൽ മാത്രമാണ് പരാതി വന്നതെന്ന് കർഷക ക്ഷേമ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വളത്തിന്റെ ഗുണനിലവാരം വിലയിരുത്തും. ഗുണനിലവാരമില്ലെങ്കിൽ ഉത്പാദകർക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നാണ് കമ്മീഷന്റെ തീരുമാനം. നാലുപേർ മാത്രമാണ് പരാതി പറഞ്ഞതെന്ന റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരൻ അറിയിച്ചു.