
ആലുവ: അധികൃതരുടെ അനാസ്ഥയെ തുടർന്ന് നിത്യേന ആയിരക്കണക്കിന് ജനങ്ങളെത്തുന്ന ആലുവ മിനി സിവിൽ സ്റ്റേഷന് ദുരിതകാലം. അഞ്ച് നിലകളുള്ള കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് ഒരു മാസത്തിലേറെയായി. എപ്പോൾ വേണമെങ്കിലും വീഴാം എന്ന മട്ടിൽ ചാഞ്ഞു നിൽക്കുന്ന തണൽ മരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യത്തോട് അധികാരികൾ പുറംതിരിഞ്ഞുനിൽക്കുന്നതും ആശങ്കയേറ്റുന്നു.
നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ആലുവ മിനി സിവിൾ സ്റ്റേഷനിലെ ലിഫ്റ്റ് നിശ്ചലമായിട്ട് മാസത്തിലേറെയായി. നൂറുകണക്കിന് ആളുകൾ നിത്യേന വന്നുപോകുന്ന മോട്ടോർ വാഹന വകുപ്പ് ഓഫീസും എംപ്ളോയ്മെന്റ് എക്സേഞ്ചും പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ്. എംപ്ളോയ്മെന്റ് ഓഫീസിലേക്ക് പോകുന്ന വികലാംഗർ ഉൾപ്പെടെയുള്ളവർ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഏറെ വിഷമിക്കുകയാണ്. ഇന്റർവ്യൂവിനും മറ്റുമായി ഇത്തരത്തിലുള്ളവർ പരസഹായത്തോടെയാണ് മുകൾ നിലയിലേക്ക് പോകുന്നത്.
താലൂക്ക് ഓഫീസും ഒന്നാം നിലയിലാണ്. താലൂക്ക് അധികൃതരുടെ ചുമതലയിലായിരുന്നിട്ടും നിരവധി തവണ മറ്റ് ഓഫീസുകളിലെ ജീവനക്കാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. ഇവിടെ ലിഫ്റ്റ് തകരാറിലാവുന്നത് സ്ഥിരം സംഭവമാണ്. നിലവാരം കുറഞ്ഞ ലിഫ്റ്റ് സ്ഥാപിച്ചതും കൃത്യമായ ഇടവേളകളിൽ സർവീസ് നടത്താത്തതുമാണ് തകരാറിന് കാരണമെന്നാണ് ആരോപണം.
പരാതികൾ നിരവധി, പരിഹരിക്കുമെന്ന് തഹസിൽദാർ
സിവിൽ സ്റ്റേഷൻ വളപ്പിലെ തണൽമരങ്ങൾ അപകടക്കെണിയായ അവസ്ഥയിൽ പൂർണമായി കരിഞ്ഞുണങ്ങിയ മരം പോലും മുറിച്ചുമാറ്റാത്തത് അപകടം ക്ഷണിച്ച് വരുത്തും കഴിഞ്ഞ ദിവസം പാർക്കിംഗ് ഏരിയയിൽ കിടന്ന മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിന് മുകളിലേക്ക് കരിഞ്ഞുണങ്ങിയ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് വീണുഈ മരം ചെറിയ കാറ്റ് വീശിയാൽ നിലംപൊത്താവുന്ന അവസ്ഥയിൽ മരങ്ങൾ പരിസ്ഥിതിക്കും തണലിനും ഉപകാരപ്രദമെങ്കിലും അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം
സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തകരാർ പരിഹരിക്കാനും അപകടാവസ്ഥയിലും മരം മുറിച്ചുനീക്കാനും നടപടിയെടുക്കും. ലിഫ്റ്റിന്റെ വൈദ്യുതി സംവിധാനത്തിലാണ് തകരാറുള്ളത്. മൂവാറ്റുപുഴയിലെ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിംഗിന് രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. കരിഞ്ഞുണങ്ങിയ മരം അടിയന്തരമായി നീക്കം ചെയ്യാനും നടപടിയെടുക്കും.
ഡിക്സി ഫ്രാൻസിസ്
തഹസിൽദാർ
ആലുവ താലൂക്ക്