kettidam

തൃപ്പൂണിത്തുറ: എരൂർ മാത്തൂർ ജംഗ്ഷനിൽ കണിയാമ്പുഴ -എരൂർ റോഡ് വികസനത്തിനായി പി.ഡബ്ല്യു.ഡി ഏറ്റെടുത്ത കെട്ടിടം അപകടാവസ്ഥയിൽ. റോഡിനോട് ചേർന്നു നിൽക്കുന്ന ജീർണിച്ച ഈ കെട്ടിടത്തിൽ നിന്ന് സിമന്റുകട്ടകൾ അടർന്നു വീഴുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഇതുവഴി നടന്നു പോയ കാൽനട യാത്രക്കാരന്റെ തലയിൽ തട്ടിയാണ് ഒരു കട്ട വീണത്. ഭാഗ്യം കൊണ്ടാണ് തടിക്ക് കേടില്ലാതെ യാത്രക്കാരൻ രക്ഷപ്പെട്ടത്.

എരൂർ -കണിയാമ്പുഴ റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിനോട് ചേർന്നുള്ള ഈ കെട്ടിടത്തിന് ഏകദേശം 100 വർഷത്തെ പഴക്കമുണ്ട്. സ്ഥിരം അപകട മേഖലയായ മാത്തൂർ കവലയിൽ റോഡിന്റെ ഒരു കോണിൽ കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും എന്നും ഭീഷണിയാണ് ഈ കെട്ടിടം. ഏതു സമയത്തും ഇടിഞ്ഞു താഴെ വീഴാറായ അവസ്ഥയിലുള്ള ഇത് പൊളിച്ചു നീക്കുവാൻ പി.ഡബ്ല്യു.ഡി അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഏരൂർ-കണിയാമ്പുഴ റോഡ് വികസനം കടലാസിൽ

തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്ത് എത്താനുള്ള എളുപ്പ മാർഗ്ഗമാണിത്. എം.സ്വരാജ് എം.എൽ.എ ആയിരുന്ന കാലത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. വികസനത്തിനായി സമർപ്പിച്ച റോഡ് അലൈൻമെന്റിന് അംഗീകാരവും നൽകി. പദ്ധതി നടപ്പിലാക്കുന്നതിനായി കണയന്നൂർ താലൂക്കിലെ നടമ വില്ലേജിൽ നിന്നും 463 സെന്റ് സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവും ലഭിച്ചിട്ടുണ്ട്. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.

സ്പെഷ്യൽ തഹസീൽദാർ എൻ.എച്ച് 3-ക്ക് അപ്രൂവ്‌ഡ് അലൈൻമെന്റിന്റെ ഒറിജിനൽസ്കെച്ച് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായാണ് പി.ഡബ്ലു.ഡി ഈ കെട്ടിടം ഏറ്റെടുത്തത്. കെട്ടിടത്തിന്റെ അവസ്ഥ മനസ്സിലാക്കി ഓക്ഷൻ സർവ്വേ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്

അസിസ്റ്റന്റ് എഞ്ചിനീയർ

തൃപ്പൂണിത്തുറ പി.ഡബ്ലു.ഡി

അപകട വിവരമറിഞ്ഞ ഉടൻതന്നെ പിഡബ്ല്യുഡി (ബ്രിഡ്ജസ്)എ.ഇ യെ വിളിച്ച് അടിയന്തരമായി സ്ഥലം സന്ദർശിച്ചു നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു

രമ സന്തോഷ്, നഗരസഭ ചെയർപേഴ്സൺ