
കൊച്ചി: രണ്ടായിരത്തോളം കായിക താരങ്ങൾ മറ്റുരച്ച സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്ലറ്റിക് മീറ്റിൽ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കി മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂൾ കിരീടം ചൂടി. ഹാട്രിക് അടിച്ച്
244 പോയിന്റോടെ കാർമൽ ചാമ്പ്യന്മാരായപ്പോൾ 145 പോയിന്റ് നേടി വടുതല ചിന്മയ വിദ്യാലയ രണ്ടാമതെത്തി. 105 പോയിന്റോടെ എരൂർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനക്കാരായി.
64 ഇനങ്ങളിലാണ് മീറ്റ് നടന്നത്.
അണ്ടർ 14 മത്സരങ്ങൾ
അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ 14 പോയിന്റോടെ മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളിലെ ജുവൽ എൽസ സെബാസ്റ്റ്യനും ആൺകുട്ടികളുടെ വിഭാഗത്തിൽ 12 പോയിന്റോടെ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ ജെറിൻ മാത്യു അനിലും വ്യക്തിഗത ചാമ്പ്യന്മാരായി.
അണ്ടർ 17 മത്സരങ്ങൾ
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ 14 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ ലിയ രാജേഷും, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയ സ്കൂളിലെ അഞ്ജലി.പി. ജോഷിയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ 14പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ അശ്വിൻ കുമാർ അംബുജനും ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ ക്രിസ്റ്റോ സിജുവും വ്യക്തിഗത ചാമ്പ്യന്മാരായി.
അണ്ടർ 19 മത്സരങ്ങൾ
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ 14 പോയിന്റോടെ പുനലൂർ സെന്റ് ജോർജ് സെൻട്രൽ സ്കൂളിലെ നൗഫൽ. എൻ, വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ മാത്യു അലക്സും വടുതല ചിന്മയ വിദ്യാലയത്തിലെ വി.എം.ഫാദിലും കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ ബർണാഡ്ഷാ സോജനും വ്യക്തിഗത ചാമ്പ്യൻപട്ടം പങ്കിട്ടു.
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ 14 പോയിന്റോടെ തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂളിലെ ഹൃതിക അശോക് മേനോനും, വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ അന്നു റോസ് ബിനോയിയും ചാമ്പ്യൻ പട്ടം പങ്കുവെച്ചു.
സമാപനച്ചടങ്ങ്
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച മീറ്റിന്റെ സമാപനച്ചടങ്ങ് സി.ബി.എസ്.ഇ സിറ്റി കോ-ഓർഡിനേറ്റർ സുചിത്ര ഷൈജിന്ത് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി പൂത്തോട്ട ശാഖയുടെ പ്രസിഡന്റും ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പാരാ അത്ലറ്റിക് ചാമ്പ്യൻ മുഹമ്മദ് അനസ് വിശിഷ്ടാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പ്രതീത. വി.പി, വൈസ് പ്രിൻസിപ്പൽ സീന. പി.എൻ, സിന്ധു. പി എന്നിവർ സംസാരിച്ചു.
ഓട്ട മത്സരത്തിൽ ഫോട്ടോ ഫിനിഷ്
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്ലറ്റിക് മീറ്റിലെ 400 മീറ്റർ ഓട്ടമത്സരം എല്ലാ കാറ്റഗറികളിലും ഫോട്ടോ ഫിനിഷ് പോരാട്ടം. അണ്ടർ 19 കാറ്റഗറിയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നേട്ടം കൊയ്തത് വടുതല ചിന്മയ വിദ്യാലയ സ്കൂൾ. ആൺകുട്ടികളിൽ പ്ലസ് ടു വിദ്യാർത്ഥി ഡാരോണും പെൺകുട്ടികളിൽ പ്ലസ് വൺ വിദ്യാർത്ഥിനി പി.എം. അനൈകയും സെക്കൻഡുകളുടെ വ്യത്യാസത്തിൽ എതിരാളികളെ പിന്നിലാക്കി സ്വർണം കൊയ്തു. ഇരുവർക്കും മൂന്നാമത്തെ ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള ആദ്യപടി.
ബിസിനസുകാരായ പി.എം. മുരളീധരന്റെയും റോണയുടെയും മകളായ അനൈക കഴിഞ്ഞ വർഷം ദേശീയതലത്തിൽ 4*100 മീറ്റർ റിലീയിൽ സ്വർണവും 4*400മീറ്റർ റിലേയിൽ വെള്ളിയും നേടിയിരുന്നു. സഹോദരൻ: അഭിഷേക്.
ഡാരോൺ 2022ൽ സംസ്ഥാനത്ത് 4*400, 4*100മീറ്റർ റിലേകളിൽ യഥാക്രമം സ്വർണവും വെള്ളിയും കഴിഞ്ഞ വർഷം 400മീറ്ററിൽ സ്വർണം 800മീറ്ററിൽ വെള്ളി എന്നിവയും സ്വന്തമാക്കിയിരുന്നു.
ഇരട്ടകരീടവുമായി അഞ്ജലി
കൊച്ചി: പങ്കെടുത്ത രണ്ടു ഇനങ്ങളിലും സ്വർണവുമായി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയപ്പോൾ തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ അഞ്ജലി.പി. ജോഷിക്ക് ഇത് വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ 100, 200മീറ്ററുകളിലാണ് അഞ്ജലി സ്വർണം നേടിയത്.
4 –ാം ക്ലാസ് മുതലുള്ള സി.ബി.എസ്. ഇ അത്ലറ്റിക് മീറ്റിൽ സ്ഥിരം സാന്നിദ്ധ്യമാണ് ഈ മിടുക്കി. മുമ്പ് പലപ്പോഴും വെള്ളി മെഡൽ നേടിയിട്ടുള്ള അഞ്ജലിക്ക് ഇത് ആദ്യത്തെ നാഷണൽ പോരാട്ടമാണ്.
അച്ഛൻ പി.വി ജോഷി ഷെഫ് ആണ്. ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കെ.എ. ഷിനിയാണ് അമ്മ. ആകാശാണ് സഹോദരൻ.
പൊന്നണിഞ്ഞ് കെസിയ
കൊച്ചി: വെള്ളൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺകാരി കെസിയ സാറ ബോബി മെഡൽ നേടണമെന്നുള്ള ഉറച്ച മനസുമായാണ് ഇത്തവണ സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്ലറ്റിക് മീറ്റിന് എത്തിയത്. കഴിഞ്ഞതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കെസിയയ്ക്ക് സാധിച്ചിരുന്നില്ല.
ഹൈ ജമ്പിൽ ആദ്യ ചാൻസിൽ തന്നെ മികച്ച പ്രകടനത്തിലൂടെ കെസിയ എതിരാളികളെ സമ്മർദ്ദത്തിലാക്കി. രണ്ടാം ചാട്ടത്തിൽ 1.39മീറ്റർ എന്ന ഉയരം താണ്ടിയതോടെ സ്വപ്നം യഥാർത്ഥ്യമാകുന്നുവെന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടു.
പിന്നീടുള്ള ചാൻസുകൾ എല്ലാം അവൾക്ക് ദേശീയ പോരാട്ടത്തിനുള്ള പരിശീലനം മാത്രമായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 1.39മീറ്ററിന്റെ ചാട്ടം സ്വർണമണിഞ്ഞു. ട്രിപ്പിൾ ജെമ്പിൽ കെസിയയ്ക്ക് ഇത്തവണ വെള്ളിയുമുണ്ട്.