കോലഞ്ചേരി: ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.കെ. കർണനെ നീക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. ജസ്​റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് അരവിന്ദ്കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസയച്ചു.

2001ലാണ് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ശ്രീനാരായണ ഗുരുകുലം ചാരി​റ്റബിൾ ട്രസ്റ്റിന് രൂപംനൽകിയത്. യൂണിയൻ പ്രസിഡന്റ് തന്നെയായിരുന്നു ട്രസ്റ്റിന്റെയും പ്രസിഡന്റ്. 2019ൽ കുന്നത്തുനാട് യൂണിയൻ പിരിച്ചുവിട്ട് കർണൻ അദ്ധ്യക്ഷനായ ഭരണസമിതി രൂപീകരിച്ചു. ട്രസ്റ്റ് ഭരണസമിതിയുടെ അദ്ധ്യക്ഷനായി കർണൻ തുടർന്നു. ഇതിനെതിരാ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ പെരുമ്പാവൂർ സബ് കോടതി കർണന് ട്രസ്റ്റിന്റെ പ്രസിഡന്റായി തുടരാൻ അധികാരമില്ലെന്നും യോഗങ്ങൾ വിളിച്ച് ചേർക്കരുതെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതു ചോദ്യം ചെയ്ത് ഗുരുകുലം ട്രസ്റ്റും കർണനും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ട്രസ്​റ്റിനും കർണ്ണനുംവേണ്ടി സീനിയർ അഭിഭാഷകരായ വി. ഗിരി, നിഖിൽ ഗോയൽ, റോയ് എബ്രഹാം എന്നിവർ ഹാജരായി.