
കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ ഭൗതികദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കണമോ മതാചാരപ്രകാരം സംസ്കരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. പ്രതാപ് സോംനാഥ് ഇന്ന് മൂന്നു മക്കളെയും ഹിയറിംഗിന് വിളിച്ചു. ഉച്ചയ്ക്ക് 12ന് ഹാജരാകാനാണ് നിർദ്ദേശം.
മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള
ഇളയ മകൾ ആശ ലോറൻസിന്റെ ഹർജിയെ തുടർന്നാണ് ഇക്കാര്യത്തിൽ കേരള അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാൻ ഹൈക്കോടതി പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്. പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് വിട്ടുകൊടുക്കാൻ മൂത്തമക്കളായ അഡ്വ.എം.എൽ. സജീവനും സുജാത ബോബനും സമ്മതപത്രം നൽകിയിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കം തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ ലോറൻസിന്റെ അന്ത്യയാത്ര അലങ്കോലമാക്കുകയും ചെയ്തു.
മൃതദേഹം ഇപ്പോൾ എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. പ്രിൻസിപ്പലിന്റെ തീരുമാനം അനുകൂലമല്ലെങ്കിൽ താൻ കേസുമായി മുന്നോട്ടുപോകുമെന്ന് ആശ ലോറൻസ് പറഞ്ഞു.
അധിക ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാകുമോ എന്ന് ഡോക്ടർമാർക്ക് സംശയമുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് ലോറൻസ് മരിച്ചത്. തിങ്കൾ രാവിലെ 7 മണിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലായിരുന്നു. പൊതുദർശനം കഴിഞ്ഞ് എട്ട് മണിക്കൂറിന് ശേഷമാണ് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയത്. ഈ ഇടവേളയിൽ ആവശ്യമായ തണുപ്പ് മൊബൈൽ മോർച്ചറിയിൽ നിന്ന് ലഭിക്കില്ല. കൂടാതെ മെഡിക്കൽ കോളേജിൽ ഒരു മൃതദേഹത്തിന് മാത്രമായി ചേംബറില്ല. ആറ്, നാല്, രണ്ട് എന്നിങ്ങനെ മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന മൂന്ന് ചേംബറുകളാണുള്ളത്. മറ്റ് മൃതദേഹങ്ങൾക്കു വേണ്ടി ചേംബർ തുറക്കുമ്പോൾ അവശേഷിക്കുന്നവയുടെ തണുപ്പിൽ വ്യത്യാസം വരും. ബ്ളൂസ്റ്റാർ കമ്പനിയുടെ നാലു വർഷംമുമ്പ് സ്ഥാപിച്ച മോർച്ചറികളാണ് കളമശേരിയിലുള്ളത്.