കൊച്ചി:കണ്ടല സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളായ എൻ.ഭാസുരാംഗൻ,മകൻ ജെ.ബി. അഖിൽജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ഇരുവർക്കും പങ്കുണ്ടെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. കഴിഞ്ഞവർഷം നവംബറിൽ അറസ്റ്റിലായതു മുതൽ ഭാസുരാംഗനും മകനും ജയിലിലാണ്.ബാങ്ക് ക്രമക്കേടിൽ പങ്കില്ലെന്നും വായ്പകൾ തിരിച്ചടയ്ക്കാത്തതിനാലാണ് നിക്ഷേപം തിരികെ നൽകാൻ കഴിയാതെ വന്നതെന്നും ഹർജിക്കാർ വാദിച്ചു.എന്നാൽ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്ന ഭാസുരാംഗൻ മകന്റെയും മറ്റ് ബന്ധുക്കളുടെയും പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന ഇ.ഡിയുടെ വാദം കോടതി കണക്കിലെടുത്തു.കണ്ടലബാങ്കിൽ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.