കൊച്ചി: മകന്റെ മരണം ചികിത്സാപ്പിഴവു മൂലമെന്ന മാതാവിന്റെ പരാതിയിൽ ഒന്നര വർഷത്തിന് ശേഷം കല്ലറ തുറന്ന് 47കാരന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. വാഴക്കാലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടുക്കി സ്വദേശി വിത്സൺ ജോസഫിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനും മറ്റ് പരിശോധനകൾക്കുമായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തുടയിലുണ്ടായ നീരിന് വിത്സൺ ഒന്നരവർഷം മുമ്പ് കളമശേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു. മകന്റെ മരണം ചികിത്സ പിഴവ്മൂലമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കാട്ടി മാതാവ് മെറീന വർഗീസ് കഴിഞ്ഞയാഴ്ച കളമശേരി പൊലീസിനെ സമീപിക്കുകയായിരുന്നു. 18ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടിയുടെ ഭാഗമായായി ഇന്നലെ തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് വിത്സണിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
രാവിലെ ആരംഭിച്ച നടപടി ഒരുമണിക്കൂറോളം നീണ്ടു. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു നടപടി. മരണത്തിന് പിന്നാലെ മെറീന കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിരുന്നു. ആന്തരീകാവയവത്തിനുണ്ടായ വീക്കമാണ് ആരോഗ്യനില ഗുരുതരമാക്കിയതെന്നായിരുന്നു അന്ന് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് നൽകിയ മൊഴി. ഇതിൽ വിശ്വാസമില്ലെന്ന് ആരോപിച്ചാണ് മെറീന വീണ്ടും പൊലീസിന് പരാതി നൽകിയത്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളമശേരി പൊലീസ് പറഞ്ഞു.