കൊച്ചി: പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചലച്ചിത്രഗാന മത്സരം 28ന് വൈകിട്ട് നാലിന് ഫോർട്ടുകൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിൽ നടക്കുമെന്ന് പ്രൊഫ കെ.വി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രശസ്ത ഗായകരുടെ സ്മരണയ്ക്കായി കൊച്ചിയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, എച്ച്.എസ്.എസ് സ്കൂൾ വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്ന് സാംസ്‌കാരിക സമ്മേളനം, ഫ്യൂഷൻ, ഗസൽസന്ധ്യ, ആടാം പാടാം സംഗീത സായാഹ്നം എന്നിവയും നടക്കും.

മേയർ എം.അനിൽകുമാർ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, ദലീമ ജോജോ, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്, ഗായകൻ മധു ബാലകൃഷ്ണൻ, ഗസൽ മജീദ്, ഫ്യൂഷൻ ആർട്ടിസ്റ്റ് ജോഷെ തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ഫോൺ: 9447406101.