 
തൃപ്പൂണിത്തുറ: റെയിൽവേ മേൽപ്പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ചാത്താരി എം.പി.എസ് ആമ്പിയൻസ് ഫ്ലാറ്റിൽ താമസിക്കുന്ന തിരുവല്ല തോട്ടഭാഗം നന്ദനത്തിൽ വിജയൻ നായർ (75) ആണ് മരിച്ചത്. റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാത്താരിയിലേയ്ക്കുള്ള വളവിൽ ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചതിനു പിന്നാലെ റോഡിലെ കുഴിയിൽ ഓട്ടോറിക്ഷ ചരിഞ്ഞ് മറിയുകയായിരുന്നു. റോഡിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിജയൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. മകൾക്കൊപ്പം ഒരു മാസക്കാലമായി താമസിക്കുന്ന വിജയൻ നായർ ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രശ്മി, വിനോദ്കുമാർ. മരുമക്കൾ: സുരാഗ്, മഞ്ജുഷ.