കൂത്താട്ടുകുളം: നടക്കാവ് ഒലിയപ്പുറം ഹൈവേയിൽ വാളിയപ്പാടം പാലത്തിന്റെ വശത്തെ റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്നുണ്ടായ കട്ടിംഗ് അപകടക്കെണി ആയതോടെ റോഡിന്റെ ഒരുവശം അടച്ചു. ഇതോടെ പാലത്തിൽ ഒറ്റവരി ഗതാഗതം മാത്രമായി. കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ രൂപപ്പെട്ട കട്ടിംഗിൽ വീണ് കാറുകൾ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇവിടെ പാലത്തിന് ഇരുവശവും 10 അടിയിലേറെ താഴ്ചയുണ്ട്. റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വേഗത്തിൽ വരുന്ന് വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കട്ടിംഗ് കാണുന്നത്. ഇതോടെ പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നതുമൂലമാണ് പ്രധാനമായും അപകടങ്ങളുണ്ടാകുന്നത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ ശബ്ദം കേൾക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു.