lalitha

കനകച്ചിലങ്കയണിഞ്ഞ കാവ്യദേവതയ്‌ക്കൊപ്പം അച്ഛൻ ചങ്ങമ്പുഴ കൃഷ്ണപിള്ള കടന്നുപോകുന്ന കാലത്ത് ലളിതയ്ക്ക് കഷ്ടിച്ച് ഒരുവയസ്. അച്ഛന്റെ വിരലിൽ തൂങ്ങി പിച്ചവയ്ക്കാൻ ഭാഗ്യമില്ലാതെ പോയെങ്കിലും ആ വിരൽകൊണ്ട് തേനിൽചാലിച്ച വാത്സല്യം മകളുടെ നാവിലലിഞ്ഞത് അമ്മ ശ്രീദേവി പറഞ്ഞുതന്നിട്ടുണ്ട്. ക്ഷയരോഗബാധിതനായ മഹാകവി ഒറ്റമുറി വീട്ടിൽ മാറി താമസിക്കുമ്പോൾ, അമ്മയുടെ ഒക്കത്തിരുന്ന ലളിതയുടെ നേർക്ക് ജനാലവഴി നീട്ടിയ കൈവിരലിലെ തേൻതുള്ളികളിൽ പൈതൃകത്തിന്റെ പുണ്യമുണ്ടായിരുന്നു. അല്ലെങ്കിൽ ഈ 77ാം വയസിൽ അച്ഛന്റെ, വീട്ടുകാരുടെ കൊച്ചൂട്ടന്റെ 'കൊച്ചു"മകൾക്ക് നോവൽ എഴുതാൻ തോന്നുമായിരുന്നില്ലല്ലോ!. മുത്തച്ഛൻ എഴുതിവച്ചതുപോലെ, മരണമില്ലാത്ത പ്രിയപ്പെട്ട മകൻ ചങ്ങമ്പുഴ വെള്ളിനക്ഷത്രമായി മുകളിലുള്ളത് ഈ മകൾ തിരിച്ചറിയുന്നു. തൂവെള്ള വേഷമണിഞ്ഞിരുന്ന അച്ഛന്റെ നിറമുള്ള നിലാവ് മുറ്റത്ത് പരക്കുമ്പോൾ എറണാകുളം എളമക്കരയിലെ 'ചങ്ങമ്പുഴ" വീട്ടിൽ വീണ്ടും അക്ഷരങ്ങളുടെ അമൃതവർഷം. കൊടുക്കാതെ പോയ സ്‌നേഹം നൽകാൻ അച്ഛൻ വരുമ്പോൾ മകൾ എങ്ങനെയോ എഴുതിപ്പോകുന്നു എന്നതാണ് ശരി. കഥകളും കടങ്കഥകളുമായി ഓരോ രാത്രിയിലും പ്രിയപ്പെട്ട ഒരു വയസുകാരിയെ തേടി അച്ഛനെത്തുമ്പോൾ 77ന്റെ തളർച്ച ഓടിയൊളിക്കുന്നു.

മകൻ കൃഷ്ണചന്ദ്രനൊപ്പമാണ് 'ചങ്ങമ്പുഴ"വീട്ടിൽ താമസം. മകൾ ശ്രീലത ബംഗളൂരുവിലെ കനേഡിയൻ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയാണ്. മരുമകൻ ജയചന്ദ്രൻ (എൻജിനിയർ). ഭർത്താവ് പരേതനായ സദാശിവൻ.

നോവലാകുന്നത്

കുടുംബചരിത്രം

ചങ്ങമ്പുഴയുടെ കുടുംബചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ലളിതയുടെ നോവലിന്റെ ഇതിവൃത്തം. ഇടപ്പള്ളി തമ്പുരാന്റെ പടനായകനായിരുന്നു ചങ്ങമ്പുഴ തറവാട്ടിലെ വല്യമ്മാവനായ മാർത്താണ്ഡ പണിക്കർ. തമ്പുരാന്റെ പത്‌നി താത്രിക്കുട്ടിയുടെ അപ്ഫൻ (അച്ഛന്റെ അനുജൻ) ആയിരുന്നു മാർത്താണ്ഡ പണിക്കരുടെ അച്ഛൻ. മലബാറിൽ കുടുംബവേരുകളുള്ള അമ്മ പൊന്നൂട്ടിയുമായി അപ്ഫന്റെ വിവാഹം നടത്തിയത് താത്രിക്കുട്ടിയായിരുന്നു. പ്രതാപിയായ മൂത്ത ജ്യേഷ്ഠൻ കരിമൂർഖന്റെ കടിയേറ്റ് മരിച്ചതോടെ അനാഥയായ പൊന്നൂട്ടി ഇടപ്പള്ളി കൊട്ടാരത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. പൊന്നൂട്ടിയെ ഇഷ്ടപ്പെട്ട താത്രിക്കുട്ടി, വിവാഹം വേണ്ടെന്നു വാശിപിടിച്ചിരുന്ന അപ്ഫനെക്കൊണ്ട് വിവാഹം ചെയ്യിക്കുകയും വീട് പണിതുനൽകുകയും ചെയ്തു. ഏക്കറുകളോളം സ്ഥലം കരമൊഴിവായി നൽകി. ഇവരുടെ മകൻ മാർത്താണ്ഡ പണിക്കരും താത്രിക്കുട്ടിയുടെ ഇരട്ടക്കുട്ടികളായ ഉണ്ണിയും പൊന്നുണ്ണിയും കളിക്കൂട്ടുകാരായിരുന്നു. മൂന്നുപേരും ആയോധനകലയിൽ പ്രാവീണ്യം നേടുകയും പ്രായപൂർത്തിയായപ്പോൾ മാർത്താണ്ഡ പണിക്കർ പടനായകനായി ചുമതലയേൽക്കുകയും ചെയ്തു. ആയിടയ്ക്ക് കൊച്ചിയിലെത്തിയ പോർച്ചുഗീസ് പടക്കപ്പലിലെ സൈനിക മേധാവികൾ തമ്പുരാനെ മുഖംകാണിക്കാനെത്തി. അവർക്കുള്ള സ്വീകരണത്തോടനുബന്ധിച്ച് മാർത്താണ്ഡൻ, ഉണ്ണി, പൊന്നുണ്ണി എന്നിവരുടെ അഭ്യാസപ്രകടനങ്ങൾ ഉണ്ടായിരുന്നു. ഇവരെ തങ്ങളുടെ കൂടെ നാട്ടിലേക്കു വിട്ടാൽ പോർച്ചുഗീസ് യുദ്ധമുറകളും അറ്റകൈ പ്രയോഗങ്ങളും പഠിപ്പിക്കാമെന്നു പറയുകയും ഇടപ്പള്ളി തമ്പുരാൻ സമ്മതിക്കുകയും ചെയ്തു. വൈകാതെ മൂവരും പുറപ്പെട്ടു. പോർച്ചുഗലിലെ ആറുമാസത്തെ ജീവിതത്തിനിടെ പൊന്നുണ്ണി ഒരു വിദേശയുവതിയുമായി പ്രണയത്തിലായി. മാർത്താണ്ഡ പണിക്കർ മദ്യപാനം ശീലമാക്കി. പരിശീലനം പൂർത്തിയാക്കിയപ്പോൾ പൊന്നുണ്ണി ആ പെൺകുട്ടിയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. നാട്ടിലേക്ക് മടങ്ങാൻ ഉണ്ണിയും മാർത്താണ്ഡനും ഒരുപാട് നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല (വർഷങ്ങൾക്കു ശേഷം പൊന്നുണ്ണി മടങ്ങിയെത്തിയെങ്കിലും കൊട്ടാരത്തിൽ കയറ്റിയില്ല). മക്കളെ തന്നെ ഏൽപിച്ചുവിട്ട തമ്പുരാനോട് എന്ത് മറുപടി പറയുമെന്നായിരുന്നു മാർത്താണ്ഡന്റെ ആശങ്ക. നാട്ടിലെത്തിയ മാർത്താണ്ഡൻ തമ്പുരാന് മുന്നിലെത്താതെ ഒളിച്ചു നടന്നു. ക്രമേണ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാതെ മുഴുമദ്യപാനിയായി. ഒടുവിൽ, പടനായകൻ കൊട്ടാരത്തിൽ ഹാജരാകാൻ തമ്പുരാൻ അന്ത്യശാസനം നൽകി. വഴിതെറ്റിയുള്ള പോക്കിനെക്കുറിച്ച് തമ്പുരാൻ ചോദിച്ചപ്പോൾ, കൊട്ടാരത്തിൽ പടനായകൻ എന്തുചെയ്യുന്നു എന്നുമാത്രം അന്വേഷിച്ചാൽ മതിയെന്നും മറ്റുകാര്യങ്ങളിൽ ഇടപെടേണ്ടെന്നുമായിരുന്നു മാർത്താണ്ഡന്റെ മറുപടി. തീരുമാനം അന്തിമമാണോയെന്നു ചോദിച്ചപ്പോൾ അതേയെന്നു പറഞ്ഞു. നന്നാകാൻ ഭാവമില്ലെന്നു മനസിലായപ്പോൾ തമ്പുരാൻ കടുത്ത നടപടി സ്വീകരിച്ചു. മാർത്താണ്ഡനെ സാധാരണ സൈനികനായി തരംതാഴ്ത്തുകയും കുടുംബത്തിന് കരമൊഴിവായി നൽകിയ സ്വത്തുവകകൾ തിരിച്ചെടുക്കുകയും ചെയ്തു. അന്നു രാത്രി പടനായകന്റെ എല്ലാ ആയുധങ്ങളും ധരിച്ച് ഉണ്ണിത്തമ്പുരാന്റെ അറയ്ക്കു മുന്നിൽ മാർത്താണ്ഡൻ തൂങ്ങിമരിച്ചു. മകനെയോർത്ത് തകർന്നുപോയ അപ്ഫൻ തമ്പുരാൻ കയത്തിൽ ചാടി ജീവനൊടുക്കി.
കുട്ടിക്കാലത്തുതന്നെ മനസിൽ പതിഞ്ഞ ഈ കഥകളിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് ലളിതയുടെ എഴുത്ത്. വലിയ രണ്ട് നോട്ടുബുക്ക് നിറയെ എഴുതി. ഉപകഥകൾ ഏറെയുള്ളതിനാൽ എഴുത്ത് എപ്പോൾ തീരുമെന്ന് അറിയില്ല. ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചില പ്രസാധകർ സമീപിച്ചിട്ടുണ്ട്.
ഇത് ആദ്യ നോവലാണോ എന്നു ചോദിച്ചാൽ അല്ലെന്നാണ് മറുപടി. 18 വയസിൽ ചെറുകഥകൾ എഴുതിയായിരുന്നു തുടക്കം. ഗോദവർമ്മ പത്രാധിപരായ 'വീട്ടമ്മ" മാസികയിൽ പല കഥകളും അച്ചടിച്ചുവന്നിട്ടുണ്ട്. 'കണ്ണുനീർ തുള്ളികൾ", 'എന്റെ കഥ" എന്നീപേരുകളിൽ രണ്ട് നോവലുകൾ എഴുതിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. മകൾ എഴുത്തുകാരിയാകുന്നത് ഇഷ്ടമില്ലാതിരുന്ന അമ്മ ശ്രീദേവി ചങ്ങമ്പുഴ ശക്തമായി എതിർത്തു. നോവലുകളുടെ കൈയെഴുത്ത് പ്രതികൾ കുറേക്കാലം സൂക്ഷിച്ചിരുന്നു. പിന്നീട് എഴുതാൻ തോന്നിയില്ല. വലിയൊരു ഇടവേളയ്ക്കുശേഷം എഴുതാൻ പെട്ടെന്നൊരു ഉൾവിളി ഉണ്ടാകുകയായിരുന്നു. നന്നായി എഴുതുമായിരുന്ന ജ്യേഷ്ഠൻ ശ്രീകുമാറും ചേച്ചി അജിതയും സാഹിത്യത്തിലേക്കു തിരിയാതിരുന്നത് അമ്മയുടെ എതിർപ്പുകൊണ്ടായിരുന്നു.

എഴുതാൻ ഒരുപാട് വൈകിയെന്ന തോന്നലില്ല. എല്ലാം ഒരു നിയോഗമാണ്. അകാലത്തിൽ പൊലിഞ്ഞ അച്ഛൻ മകൾക്കു നൽകുന്ന സമ്മാനമാവാം. അല്ലെങ്കിൽ ഇത്രവേഗം എഴുതാൻ കഴിയില്ലല്ലോ.

പിണക്കത്തിൽ തുടക്കം,

കണ്ണീരിൽ ഒടുക്കം

സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുമായി ആദ്യകാലത്ത് ചങ്ങമ്പുഴ അത്രനല്ല ബന്ധത്തിലായിരുന്നില്ല. ചങ്ങമ്പുഴ എഴുതുന്ന ഓരോ കവിതയുടെയും പ്രധാന ഭാഗം പാരഡിയാക്കുന്നതായിരുന്നു ഇടപ്പള്ളിയുടെ വിനോദം. പ്രായത്തിലും തടിമിടുക്കിലും മുന്നിലും പഠനത്തിൽ പിന്നിലുമായിരുന്നു ഇടപ്പള്ളി. പരീക്ഷയിൽ തോറ്റ ഇടപ്പള്ളിയുടെ അതേ ക്ലാസിലേക്ക് ഉയർന്ന മാർക്കോടെ പാസായി ചങ്ങമ്പുഴ എത്തിയതോടെ പാരഡികളുടെ എണ്ണംകൂടി. രാഗവായ്‌പോടെ എഴുതിയ ആ പൂമാല എന്ന കവിതയിലെ 'ആരുവാങ്ങുമിന്നാരു വാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം" എന്ന വരി 'ആരുവാങ്ങുമിന്നാരു വാങ്ങുമിന്നാറുകാശിന്റെ കടലയ്ക്ക" എന്നാക്കിയത് ചങ്ങമ്പുഴയെ വേദനിപ്പിച്ചു. ചങ്ങമ്പുഴയുടെ മുത്തശിയുടെ കവിളിൽ കടലയുടെ വലിപ്പത്തിൽ അരിമ്പാറ ഉണ്ടായിരുന്നു. മുത്തശിയെ ശുണ്ഠി പിടിപ്പിക്കാൻ പലരും മുഖത്തെന്താ കടലയ്ക്കയാണോയെന്നു ചോദിച്ചിരുന്നു. അദ്ധ്യാപകനായിരുന്ന അച്യുത വാര്യരാണ് ഇവരുടെ വഴക്ക് മാറ്റിയത്. സാഹിതീസദനം എന്ന പേരിൽ സാഹിത്യസമാജം നടത്തിയിരുന്ന അദ്ദേഹം ചങ്ങമ്പുഴയെ അവിടേക്ക് ക്ഷണിച്ചു. സാഹിത്യലോകത്തെ പ്രമുഖർ എത്തിയിരുന്ന അവിടത്തെ ചർച്ചകളിലും കവിതാപാരായണത്തിലും സജീവമായി. കുറച്ചുനാൾ കഴിഞ്ഞ് ഇടപ്പള്ളിയെയും തന്ത്രപൂർവം എത്തിച്ചു. ഏതാനും ചർച്ചകളിൽ പങ്കെടുത്തതോടെ ഇരുവരുടെയും പിണക്കം മാറിയെന്നു മാത്രമല്ല, ആത്മാർത്ഥ സുഹൃത്തുക്കളാവുകയും ചെയ്തു. എഴുത്തും വായനയും യാത്രയുമെല്ലാം ഒരുമിച്ചായി.
അച്ഛന്റെ മരണത്തെ തുടർന്ന് സ്‌കൂൾ പഠനം നിറുത്തേണ്ടിവന്ന ചങ്ങമ്പുഴയെ നിർബന്ധിച്ച് വീണ്ടും പഠിക്കാനയച്ചത് വാര്യർ സാറും ഇടപ്പള്ളി രാഘവൻ പിള്ളയുമായിരുന്നു. പത്താം ക്ലാസ് ഉയർന്ന മാർക്കോടെ പാസായ ചങ്ങമ്പുഴ എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നപ്പോഴേക്കും ഇടപ്പള്ളിയെ വീട്ടുകാർ നിർബന്ധിച്ച് കൊല്ലത്ത് ജോലിക്കയച്ചിരുന്നു. അവർ പരസ്പരം അയച്ചിരുന്ന കത്തുകളിൽ പോലും കവിത തുളുമ്പിയിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ലളിത പറയുന്നു. ഇടപ്പള്ളിയുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞ ചങ്ങമ്പുഴ, ഇതൊരിക്കലും നടക്കില്ലെന്നും പിൻമാറണമെന്നും പലവട്ടം പറഞ്ഞിരുന്നു. 'രമണൻ" എന്ന വിലാപകാവ്യത്തിൽ നേരെ മറിച്ചായിരുന്നെങ്കിലും അതായിരുന്നു സത്യം. ഇടപ്പള്ളി പിന്നീട് എഴുതിയ കവിതകളിലെല്ലാം നിറഞ്ഞുനിന്നത് ദുഃഖമായിരുന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന വേദയോടെ ചങ്ങമ്പുഴ തിരിച്ചറിഞ്ഞു.
ഇടപ്പള്ളി അവസാനം എഴുതിയ കത്തിൽ മരണത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നു. കത്തിന്റെ അവസാനം 'നോ മോർ" എന്ന് ഇംഗ്ലീഷിൽ എഴുതിയത് ചങ്ങമ്പുഴയെ അസ്വസ്ഥനാക്കുകയും പിറ്റേന്ന് പുലർച്ചെ കൊല്ലത്തേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന അദ്ദേഹം, പുലർച്ചെ മയങ്ങിപ്പോവുകയും എഴുന്നേൽക്കാൻ വൈകുകയും ചെയ്തു. അപ്പോഴേക്കും പത്രമെത്തി. ഇടപ്പള്ളി രാഘവൻ പിള്ള തൂങ്ങിമരിച്ചു എന്ന വാർത്തയാണ് ആദ്യം കണ്ണിലുടക്കിയത്. ഈ ആഘാതംമൂലം ദിവസങ്ങളോളം അദ്ദേഹം ഭ്രാന്തനെപ്പോലെ ആയിരുന്നെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

'രമണനോട്'
ഇഷ്ടം കൂടുതൽ

അച്ഛൻ എഴുതിയതിൽ ഇടപ്പള്ളി രാഘവൻ പിള്ളയെക്കുറിച്ചുള്ള വിലാപകാവ്യം 'രമണ"നോടാണ് ഏറെയിഷ്ടം. എത്രവട്ടം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഓരോ തവണ വായിക്കുമ്പോഴും കണ്ണീരുകൊണ്ടാണ് എഴുതിയതെന്നു തോന്നിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ എല്ലാ കവിതകളും മകൾ പലവട്ടം വായിച്ചിട്ടുണ്ട്. എപ്പോഴും മനുഷ്യപക്ഷത്തുനിന്നാണ് അദ്ദേഹം ചിന്തിച്ചതെന്ന് വിശ്വസിക്കുന്നു. ഇഷ്ടക്കേടുകളോട് കലഹിക്കുകയും ഇഷ്ടങ്ങളെ ആഘോഷമാക്കുകയും ചെയ്തു. സങ്കടങ്ങളിൽ തളർന്നുവീണു. ഇടപ്പള്ളിയുടെ മരണം വല്ലാതെ ഉലച്ചു. 1948 ജൂൺ 17ന് 36ാം വയസിൽ ജീവിതത്തോട് വിട പറഞ്ഞ അച്ഛൻ എപ്പോഴും കൂടെയുണ്ടെന്ന് ലളിതയ്ക്ക് ഉറപ്പുണ്ട്.

മരണമില്ലാത്ത

അച്ഛൻ

1911 ഒക്ടോബർ 10ന് ജനിച്ച ചങ്ങമ്പുഴയ്ക്ക് ആയുസ് കുറവാണെന്ന് ജ്യോത്സ്യം അറിയാവുന്ന അച്ഛൻ നാരായണപിള്ള മനസിലാക്കിയിരുന്നു. ജാതകത്തിൽ വിശദമായി ഒന്നും എഴുതാതെ അദ്ദേഹം കുറിച്ചതിങ്ങനെ- 'മരിച്ചാലും വെള്ളിനക്ഷത്രം പോലെ ആകാശത്ത് എക്കാലത്തും തിളങ്ങും".
എല്ലാ ഉത്സവങ്ങൾക്കും അച്ഛൻ പോകുമായിരുന്നെന്നാണ് ലളിതയുടെ കേട്ടറിവ്. ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്രത്തിൽ പുലർച്ചെവരെ കാവടിയാഘോഷത്തിൽ പങ്കെടുത്ത് തിരികെയെത്തിയ അദ്ദേഹത്തിന് കലശലായ ചുമ തുടങ്ങി. പരിചയക്കാരനായ ഡോക്ടറുടെ പരിശോധനയിൽ ക്ഷയരോഗമാണെന്നു കണ്ടെത്തി. ആരുമായും, പ്രത്യേകിച്ച് കുട്ടികളുമായി അടുത്തിടപഴകരുതെന്നും പറഞ്ഞു. അങ്ങനെ ഒറ്റമുറിവീട്ടിൽ ഏകാന്തവാസം. ലളിതയെ എടുത്ത് അമ്മ ശ്രീദേവി ജനാലയ്ക്കരികിലെത്തി അച്ഛനെ കാണിക്കുമായിരുന്നത്രേ. അപ്പോഴൊക്കെ, മരുന്ന് ചാലിച്ച് കഴിക്കാൻ വച്ചിരുന്ന തേനിൽ വിരൽമുക്കി മകളുടെ വായിൽവച്ചുകൊടുക്കുമായിരുന്നു. കവിതകൾ പിറന്ന കൈയുടെ പുണ്യം.

രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹത്തെ തൃശൂർ മംഗളോദയം നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. അനുജൻ പ്രഭാകരനായിരുന്നു കൂടെ. മാറ്റമില്ലാതിരുന്നപ്പോൾ വിദഗ്ദ്ധ ചികിത്സയ്ക്ക് കോയമ്പത്തൂർക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പോകാനിരുന്ന ദിവസം പുലർച്ചെ അച്ചമ്മ (അച്ഛന്റെ അമ്മ) പാറുക്കുട്ടി അമ്മ ഒരു സ്വപ്‌നംകണ്ടു. തളർന്നുകിടക്കുന്ന മകന്റെ അരികിൽ അമ്മ ഇരിക്കുന്നതായിരുന്നു സ്വപ്‌നദർശനം. മകന് എന്തോ ആപത്ത് സംഭവിക്കുന്നെന്നു തോന്നിയ അച്ചമ്മ രാവിലെ തൃശൂർക്കു പുറപ്പെട്ടു. ആശുപത്രിയുടെ പടിക്കലെത്തിയപ്പോൾ, ' അയ്യോ എന്റെ ചേട്ടാ പോയോ" എന്ന് പ്രഭാകരൻ നിലവിളിക്കുന്നതു കേട്ടു. അതോടെ ആ അമ്മ തളർന്നുവീണു. കോയമ്പത്തൂർക്ക് പോകാൻ തയ്യാറെടുത്ത ചങ്ങമ്പുഴയ്ക്ക് പെട്ടെന്ന് തളർച്ച തോന്നുകയും അനുജനോട് വെള്ളം ആവശ്യപ്പെടുകയും ചെയ്തു. കട്ടിലിൽ കിടന്ന ഉടൻ ശ്വാസം നിലച്ചു.