p

വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ നിരവധി സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. പഠനച്ചെലവ് വർദ്ധിച്ചു വരുമ്പോൾ സ്‌കോളർഷിപ്പുകൾ ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും.
ഹാർവാർഡ് അക്കാഡമി ഫോർ ഇന്റർനാഷണൽ & ഏരിയ സ്റ്റഡീസ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്,
ഷെവണിംഗ് ഗുരുകുൽ ഫെലോഷിപ്പ് ഫോർ ലീഡർഷിപ് & എക്‌സലൻസ്, യൂണിവേഴ്‌സിറ്റി ഒഫ് ടോറോന്റോയിലെ ലെസ്റ്റർ ബി. പിയേഴ്‌സൺ ഇന്റർനാഷണൽ സ്‌കോളർഷിപ്, കോമൺവെൽത്ത് മാസ്‌റ്റേഴ്‌സ് സ്‌കോളർഷിപ്‌സ്, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എം.ബി.എ സ്‌കോളർഷിപ്, പാറ്റി ഗ്രേസ് സ്മിത്ത് ഫെലോഷിപ്പ്, എൻജിംഗ് അക്കാഡമി @ പെക്ടിൻ യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്‌സ് സ്‌കോളർഷിപ് ഇൻ ചൈന, യു.എസ്.എം.ഇ.പി, കോൺറാഡ് അദാനിയർ സ്‌കോളർഷിപ്, യു.എൻ.യു വൈഡർ വിസിറ്റേഴ്‌സ് പ്രോഗ്രാം, അമേരിക്കൻ അസോസിയേഷൻ ഒഫ് യൂണിവേഴ്‌സിറ്റി വുമൺ ഇന്റർനാഷണൽ സ്‌കോളർഷിപ്, കോമൺവെൽത്ത് പി.എച്ച്ഡി സ്‌കോളർഷിപ്‌സ്, മാസ്റ്റർകാർഡ് ഫൗണ്ടേഷൻ സ്‌കോളർഷിപ്, ജീൻ മോനെറ്റ് സ്‌കോളർഷിപ്, വാണിയർ കാനഡ ഗ്രാജ്വേറ്റ് സ്‌കോളർഷിപ് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

അഡ്മിഷൻ സാദ്ധ്യതകൾ

......................................

സ്‌കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും അപേക്ഷിക്കുമ്പോൾ അഡ്മിഷൻ സാദ്ധ്യതകൾ വിലയിരുത്തണം. മിക്ക സ്‌കോളർഷിപ് പ്രോഗ്രാമുകളും അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ച ശേഷമാണ് അനുവദിക്കുന്നത്. നിശ്ചിത തീയതിക്കകം അപേക്ഷിക്കണം. ചില സ്‌കോളർഷിപ്പുകൾ യൂണിവേഴ്‌സിറ്റി അധിഷ്ഠിതമാണ്. അപേക്ഷകർക്ക് വേണ്ട യോഗ്യത, നടപടിക്രമങ്ങൾ എന്നിവ മനസ്സിലാക്കിയിരിക്കണം. ചില സ്‌കോളർഷിപ്പുകൾ എല്ലാ പഠനച്ചെലവുകളും ഉൾപ്പെടുന്നതായിരിക്കും. പാർട്ട് ടൈം സ്‌കോളർഷിപ്പുകളാണേറെയും. ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്കാണ് സ്‌കോളർഷിപ്പുകളേറെയും.
ഓൺലൈനായി അപേക്ഷിക്കാം.

കോമൺവെൽത്ത് സ്‌കോളർഷിപ്പ്

..............................................

അന്താരാഷ്ട്ര തലത്തിൽ മികവാർന്ന കോമൺവെൽത്ത് സ്‌കോളർഷിപ്പിന് പി.എച്ച്ഡി പ്രോഗ്രാമിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. യു.കെ ഫോറിൻ, കോമൺ വെൽത്ത് & ഡെവലപ്‌മെന്റ് സർവീസാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഗവേഷണ മേഖല വിലയിരുത്തി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2025/ 26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2025 സെപ്തംബറിന് മുമ്പ് ഡോക്ടറൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തവരാകരുത്. യു.കെയിലെ മികച്ച സർവകലാശാലകളിൽ ഗവേഷണം നടത്താം.

ഗവേഷണ സ്ഥാപനങ്ങൾ, തിരഞ്ഞെടുത്ത സർവ്വകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്ക്കും വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാം. പഠനച്ചെലവ്, ട്യൂഷൻ ഫീസ്, കുടുംബ ചെലവുകൾ, ഫീൽഡ് ട്രയൽ ചെലവുകൾ തുടങ്ങി എല്ലാം അടങ്ങുന്നതാണ് സ്‌കോളർഷിപ്. പ്രതിമാസം 1378 മുതൽ 1690 പൗണ്ട് വരെ സ്റ്റൈപെൻഡ് ലഭിക്കും.

അക്കാഡമിക് മികവ്, ഗവേഷണ പ്രൊപ്പോസലിന്റെ മേന്മ, മാതൃരാജ്യത്തിനു ലഭിക്കുന്ന നേട്ടം എന്നിവ വിലയിരുത്തിയാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. അപേക്ഷിക്കുന്ന ഗവേഷകർ യു.കെയിലെ മികച്ച സർവ്വകലാശാലകളിൽ അഡ്മിഷൻ ഉറപ്പുവരുത്തണം. എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോകെമിക്കൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്‌പേസ് എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിൽ കോമൺ വെൽത്ത് സ്‌കോളർഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ

..................................

ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ വ്യക്തമായ ധാരണ വേണം. പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകണം. പ്രസ്തുത മേഖലയിലെ ഗവേഷണ വിടവ് വിലയിരുത്തി പ്രൊപ്പോസൽ തയ്യാറാക്കണം. സ്ഥാപനത്തിന്റെ മികവ്, പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കിയിരിക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിങ് & വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കുകളിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് വേണം. പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, സുസ്ഥിരത, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യ വിഭവശേഷി, ചെലവ് എന്നിവ നിർവചിച്ചിരിക്കണം. വ്യക്തമായ ഹോംവർക് ചെയ്തു മാത്രമേ പ്രൊപ്പോസൽ തയ്യാറാക്കാവൂ. വെബ്സൈറ്റ്: www.cscuk.fcdo.gov.uk .