flat
തുരുത്തിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിൽ ഒന്ന്

കൊച്ചി: പശ്ചിമകൊച്ചി തുരുത്തിയിലെ രണ്ടു ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം പൂർത്തിയാകുന്നു. കൊച്ചി കോർപ്പറേഷന്റെയും സി.എസ്.എം.എല്ലിന്റെയുമായി രണ്ട് ഫ്ലാറ്റുകളാണ് വരുന്നത്.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ( സി.എസ്.എം.എൽ)നേതൃത്വത്തിൽ രണ്ടാം ഡിവിഷനിൽ 14 നിലകളിലായി (ജി + 13) 195 കുടുംബങ്ങളെ പാർപ്പിക്കുന്ന ഫ്ളാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നത്. 44.01 കോടിരൂപയാണ് നിർമ്മാണച്ചെലവ്. ഓരോ നിലയിലും 15 പാർപ്പിട യൂണിറ്റുകളുണ്ട്. 328 ചതുരശ്ര അടി ആണ് ഒരു ഫ്ളാറ്റിന്റെ വിസ്തീർണം. 191.58 ചതുരശ്ര അടി വിസ്തീർണമുള്ള 18 കടകളുമുണ്ടാകും. പ്രതിദിനം 100 ലിറ്റർ സംസ്കരിക്കാവുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 300കിലോ ഖരമാലിന്യം ശേഖരിക്കാവുന്ന സംവിധാനം ഇത് വേർതിരിക്കാനുള്ള സജ്ജീകരണങ്ങളും ഉണ്ടാകും. 60 കാറുകളും 17 ബൈക്കും പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സംവിധാനവും ഉണ്ടാകും.

കെട്ടിടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയായി. ഇന്റീരിയൽ ജോലികൾ, കുടിവെള്ള കണക്ഷൻ, വൈദ്യുതി കണക്ഷൻ, പെയിന്റിംഗ് എന്നിവ കൂടി പൂ‌ർത്തിയായാൽ ഫ്ലാറ്റ് പൂർണ സജ്ജമാകും.

കോർപ്പറേഷൻ ഫ്ലാറ്റ്

തുരുത്തിയിൽ കോ‌ർപ്പറേഷൻ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. പല കൗൺസിലുകൾ വന്നിട്ടും ഉയരാതിരുന്ന ഫ്ലാറ്റ് മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൗൺസിലാണ് യാഥാർത്ഥ്യമാകുന്ന നിലയിലേക്ക് എത്തിച്ചത്. ചേരിനിവാരണ പദ്ധതിയുടെ ഭാഗമായുള്ള ഏറ്റവും വലിയ ഭവനനി‌ർമ്മാണ പദ്ധതിയാണിത്. ഫ്ലാറ്റിന്റെ ഗുണഭോക്താക്കളുടെ പട്ടിക കോ‌ർപ്പറേഷന്റെ പക്കലുണ്ട്. ഡിസംബർ 31ന് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 85 ശതമാനം പൂ‌ർത്തിയായി. ലിഫ്റ്റ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവ നടക്കാനുണ്ട്

41.74 കോടി രൂപ ചെലവഴിച്ച് 12 (ജി+11) നിലകളിലായി 199 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയമാണ് കോർപ്പറേഷൻ നിർമ്മിക്കുന്നത്. 300 ചതുരശ്ര അടിയാണ് ഒരു ഫ്ളാറ്റിന്റെ വിസ്തീർണ്ണം. 14 കടമുറികളും ഇവിടെയുണ്ടാവും.

സി.എസ്.എം.എൽ ഫ്ലാറ്റ്

ആകെ നിലകൾ: 14

പാർപ്പിട യൂണിറ്റ്: 195

ചതുരശ്ര അടി: 328

നിർമ്മാണച്ചെലവ്: 44.01 കോടി

കോർപ്പറേഷൻ ഫ്ലാറ്റ്

ആകെ നിലകൾ: 12

പാർപ്പിട യൂണിറ്റ്: 199

ചതുരശ്ര അടി: 300

നിർമ്മാണച്ചെലവ്: 41.74 കോടി

മേയറായതിനുശേഷം ആദ്യം സന്ദർശിച്ച സ്ഥലമാണ് തുരുത്തി കോളനി. ഇത് സമയബന്ധിതമായി പൂ‌‌ർത്തിയാക്കും. തുടർച്ചയായി അവലോകനയോഗങ്ങളും കൗൺസിൽ ചർച്ചകളുമെല്ലാം നടക്കുന്നതുകൊണ്ടാണ് വളരെ എളുപ്പത്തിൽ പൂ‌ർത്തിയാകുന്നത്.

എം. അനിൽകുമാർ

മേയർ