y
ബോട്ട് സർവ്വീസില്ലാത്തതിനാൽ വിജനമായ ഇരുമ്പനം പാറക്കടവ് ബോട്ടു ജെട്ടി

ഓർമ്മകളിൽ നാടിന്റെ ജീവസ്പന്ദനമായിരുന്ന 5 ചെറിയ ബോട്ടുജെട്ടികളെ നോക്കുകുത്തികളാക്കി നിലവിൽ ജലമെട്രോ നടത്തുന്ന സർസുകൾ ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ - ഇരുമ്പനം പ്രദേശങ്ങളുടെ തീരദേശത്തോട് ചേർന്നൊഴുകുന്ന പുഴയിലൂടെ നടത്തുന്ന ജലമെട്രോ സർവീസ് കൊണ്ട് തൃപ്പൂണിത്തുറക്കാർക്ക് കാര്യമായ പ്രയോജനമില്ലെന്ന് പരാതി. വൈറ്റിലയിൽ നിന്നാരംഭിക്കുന്ന ജലമെട്രോ നേരെ കാക്കനാട് ബോട്ട് സ്റ്റേഷനിലാണ് അവസാനിക്കുന്നത്. ഇൻഫോപാർക്കിലും മറ്റും ജോലിചെയ്യുന്നവർക്കല്ലാതെ തൃപ്പൂണിത്തുറ, എരൂർ, ഇരുമ്പനം നിവാസികൾക്ക് ഇതുകൊണ്ട് ഒരുപകാരവുമില്ല.

അഞ്ചുജെട്ടികൾ നോക്കുകുത്തി

വർഷങ്ങൾക്കുമുമ്പ് ജലഗതാഗതവകുപ്പ് ബോട്ടുകൾ സർവീസ് നടത്തിയിരുന്ന ചളിക്കവട്ടം ആറാട്ടുകടവ്, എരൂർ കപ്പട്ടിക്കടവ്, വൈമീതി, തുതിയൂർ വെട്ടുവേലിക്കടവ്, ഇരുമ്പനം പാറക്കടവ് എന്നീ ബോട്ടു ജെട്ടികളെല്ലാം കാടുപിടിച്ച് നശിച്ച അവസ്ഥയിലാണ്.

ബസ് യാത്രയും ദുരിതമയം

1977 മുതൽ തുടർച്ചയായി സർവീസുകൾ നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ കൊവിഡിനുശേഷം നിറുത്തലാക്കിയതോടെ എരൂർ-ഇരുമ്പനം മേഖലയിലയിലെ സാധാരണക്കാർക്ക് എറണാകുളത്തെത്താൻ ബസ് മാത്രമായി ആശ്രയം.

സ്ഥിരമായി സർവീസ് നടത്തിക്കൊണ്ടിരുന്ന പല ബസുകളും പിൻവലിഞ്ഞതോടെ പ്രദേശത്തെ യാത്രാക്ലേശം ഇരട്ടിയായി. ഒട്ടേറെ സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയിരുന്ന തുതിയൂർ റൂട്ടിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ബസുകളേയുള്ളു. എറണാകളും നഗരത്തിൽ എത്തണമെങ്കിൽ വൻതുക ഓട്ടോക്കൂലി നൽകേണ്ട ഗതികേടിലാണ് യാത്രക്കാർ. ബോട്ടുമാർഗം പത്തുമിനിട്ടുകൊണ്ട് മുമ്പ് എത്തിയിരുന്ന ഇവിടങ്ങളിലുള്ള യാത്രക്കാർ ഇപ്പോൾ രണ്ടു ബസുകൾ മാറിക്കയറിയാണ് വൈറ്റിലയിൽ എത്തുന്നത്. ഗതാഗതക്കുരുക്കാണെങ്കിൽ പറയുകയും വേണ്ട.

കാക്കനാട്, ഇരുമ്പനം പ്രദേശത്തുള്ളവർക്ക് കുറഞ്ഞ ചെലവിൽ ട്രാഫിക് ബ്ലോക്കില്ലാതെ എറണാകുളത്തെത്തുവാൻ മുമ്പ് വെല്ലിംഗ്ടൺ ഐലൻഡിൽനിന്ന് ചിറ്റേത്തുകരവരെ സർവീസ് നടത്തിയിരുന്ന ബോട്ട് സർവീസും നിലച്ചു. ഇരുട്ടായാൽ ആളനക്കമില്ലാത്ത ഈ ജെട്ടികൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മദ്യപരും കഞ്ചാവ് ലോബികളും ജെട്ടികൾ കൈയടക്കിയെന്നാണ് നാട്ടുകാരുടെ പരാതി.

ജലമെട്രോബോട്ടിന്റെ അധികവേഗംകാരണം തിരയടിച്ച് പാറക്കടവ് ജെട്ടിക്ക് സമീപമുള്ള തെങ്ങ് മണ്ണിടിച്ചിലിൽ വീണുപോയി. പുല്ലുചെത്താൻ പോയ ഒരു വള്ളം കഴിഞ്ഞദിവസം മറിഞ്ഞു.

'ഇരുമ്പനം നിവാസികൾ യാത്രാക്ലേശത്താൽ പൊറുതിമുട്ടുകയാണ്. ബോട്ടുജെട്ടികൾ പുനരുദ്ധരിച്ച് മെട്രോസർവീസ് ആരംഭിക്കണം. അതിന് കഴിയില്ലെങ്കിൽ ജലഗതാഗത വകുപ്പിന്റെ സർവീസുകൾ പുനരാരംഭിക്കണം.

ഷാജി ഇരുമ്പനം,

ജില്ലാ സെക്രട്ടറി,

ബി.ഡി.ജെ.എസ്