
കൊച്ചി: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തെന്ന പരാതിയിൽ ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി ഒക്ടോബർ ഒന്നിന് നേരിട്ട് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.
മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന 'വൺ എർത്ത് വൺ ലൈഫ്" സംഘടനയുടെ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പഞ്ചായത്ത് സെക്രട്ടറി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതായി ഹർജിക്കാരാണ് കോടതിയെ അറിയിച്ചത്. അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ഇത് സ്ഥിരീകരിച്ചു. ചിന്നക്കനാലിൽ നിർമ്മാണ വിലക്കുണ്ട്. ഇത് ലംഘിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത് കോടതിയലക്ഷ്യമാണെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു.ചിന്നക്കനാൽ പഞ്ചായത്തിലെ 55 സ്റ്റോപ്പ് മെമ്മോകളിൽ സ്ഥിതി അറിയിക്കാൻ കളക്ടർക്കും കോടതി നിർദ്ദേശം നൽകി.
വിജിലൻസ് അന്വേഷണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഫയൽ പിടിച്ചെടുത്തു. പഞ്ചായത്ത് ഭരണസമിതിയും നടപടി സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി അടുത്ത മേയിൽ വിരമിക്കുകയാണ്. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ പഞ്ചായത്തുകളിലെ ഫയലുകൾ പരിശോധിച്ചാൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയത് ബോധ്യപ്പെടുമെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു.