
കൊച്ചി: എഴുത്തുകാർക്കും പ്രസാധകർക്കും തിരിച്ചടിയായി ജനപ്രിയ മലയാളം നോവലുകളുടെ വ്യാജ പതിപ്പുകൾ വ്യാപകം. ഹിറ്റ് നോവലായ
അഖിൽ പി. ധർമ്മജന്റെ റാം കെയർ ഒഫ് ആനന്ദിയുടെ പത്ത് വ്യാജ പതിപ്പുകൾ കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.സി.ബുക്സിന്റെ പരാതിയിലാണ് നടപടി. കൊച്ചിയിലെ ഓണം എക്സിബിഷൻ കേന്ദ്രത്തിലെ സ്റ്റാളിലായിരുന്നു വ്യാജപതിപ്പുകളെത്തിയത്. തിരുവനന്തപുരം സ്വദേശിയായ സ്റ്റാൾ ജീവനക്കാരനെ സെൻട്രൽ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. ഇയാളെ പിന്നീട് വിട്ടയച്ചതായാണ് വിവരം. ഒറ്റനോട്ടത്തിൽ പ്രസാധകർക്ക് പോലും തിരിച്ചറിയാൻ കഴിയാത്തവിധമായിരുന്നു നോവൽ.
ഡൽഹി സംഘമാണ് വ്യാജ പതിപ്പിക്കുകൾക്ക് പിന്നിലെന്നാണ് പ്രസാധക രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. വിപണിയിൽ ഡിമാൻഡുള്ള പുസ്തകങ്ങളുടെയെല്ലാം വ്യാജപതിപ്പുകൾ സുലഭമെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. " റാം കെയർ ഒഫ് ആനന്ദിയുടെ വ്യാജ പതിപ്പ്, ഓണംമേളയ്ക്ക് പോയ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിറ്റേന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് നേരിൽ പരാതി നൽകി. അന്ന് തന്നെ നോവലുകൾ കസ്റ്റഡിയിലെടുത്തെന്ന് ഡി.സി പബ്ലിക്കേഷൻ മാനേജർ ജി. വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത നോവൽ വിശദപരിശോധനയ്ക്ക് അയക്കും. ഇവ എവിടെ നിന്നാണ് എത്തിച്ചതെന്ന് അറയില്ലെന്നാണ് സ്റ്റാൾ ജീവനക്കാരന്റെ മൊഴി. സ്റ്റാളിന്റെ ഉടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സമാനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് വഴി നോവലുകളുടെ പി.ഡി.എഫ് പതിപ്പുകളും വ്യാപകമായി വിറ്റിരുന്നു. പുസ്തകശാല നടത്തിപ്പുകാർ രംഗത്ത് ഇറങ്ങിയതോടെ പി.ഡി.എഫ് കച്ചവടം പൂട്ടിക്കെട്ടി.
ഓർജിനൽ കാട്ടി
വ്യാജൻ വില്പന
യാഥാർത്ഥ നോവൽ പ്രദർശനത്തിന് വയ്ക്കും. ആവശ്യപ്പെടുമ്പോൾ വ്യാജ പതിപ്പ് നൽകും. ഈവിധമായിരുന്നു കൊച്ചിയിലെ സ്റ്റാളിലെ വ്യാജ പതിപ്പ് വില്പന. നിരവധി പതിപ്പുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ടാകുമെന്ന് ആശങ്ക പ്രസാധകർക്കുണ്ട്. വിൽക്കുന്ന നോവലിന്റെ നിശ്ചിതശതമാനം എഴുത്തുകാരനും ബാക്കി പ്രസാധകർക്കുമാണ് ലഭിക്കുന്നത്. അച്ചടിച്ചുവച്ച യഥാർത്ഥ പതിപ്പ് വിറ്റഴിയാതിരിക്കുകയും വ്യാജന്റെ വില്പന പൊടിപൊടിക്കുകയും ചെയ്യുന്നത് ഇരുവർക്കും ഒരുപോലെ നഷ്ടമാണ് ഉണ്ടാക്കുക.
 തിരിച്ചറിയാൻ മാർഗങ്ങൾ
മങ്ങിയ അച്ചടി
നിറംകുറഞ്ഞ പുറംചട്ട
പേപ്പർ ഗുണമേന്മ
മോശം ബൈൻഡിംഗ്
'നോവലിൽ രണ്ട് ഭാഗമില്ലെന്ന് സുഹൃത്ത് വിളിച്ചറിയിക്കുകയും പിന്നാലെ പരിശോധനടത്തുകയും ചെയ്തതോടെയാണ് വ്യാജ പതിപ്പ് വ്യാപകമാണെന്ന് തിരിച്ചറിഞ്ഞത്. മലയാള നോവലുകൾക്കും വ്യാജനുകൾ ഇറങ്ങുന്നത് മേഖലയെ ബാധിച്ചിട്ടുണ്ട്"
അഖിൽ പി. ധർമ്മജൻ
എഴുത്തുകാരൻ