
കൊച്ചി: പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനം വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് കളക്ട്രേറ്റ് പ്ലാനിംഗ് ഹാളിൽ നടക്കും.
മന്ത്രി പി. രാജീവും ജില്ലയിലെ എം.എൽ.എമാരും പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, പട്ടികജാതി പട്ടികവർഗ വികസന ഓഫീസർമാർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
മേഖലയിലെ അടിസ്ഥാന വിവരങ്ങൾ, ഭൂരഹിതർ, ഭവനരഹിതർ, അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, പട്ടികജാതി പട്ടികവർഗ മേഖലയിലെ മൊത്തം വകയിരുത്തലും ചെലവഴിക്കലും ജില്ലാതല വികസന സാദ്ധ്യതകളും പ്രശ്നങ്ങളും അവലോകനത്തിൽ ചർച്ച ചെയ്യും.