വൈപ്പിൻ: തീദേശപരിപാലന നിയമത്തിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ വൈപ്പിൻ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ, നായരമ്പലം, ഞാറക്കൽ, മുളവുകാട്, കടമക്കുടി എന്നീ പഞ്ചായത്തുകളിലെ കെട്ടിടനിർമ്മാണത്തിന് ഇളവ് ലഭിക്കും. ഒരു ചതുരശ്ര കിലോ മീറ്ററിൽ 2161പേരോ അതിൽ കൂടുതലോ ഉള്ള പഞ്ചായത്തുകൾക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. സി.ആർ.ഇസഡ് 3 ൽ ഉൾപ്പെടാൻ ജലാശയങ്ങളുടെ തീരത്തുനിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായാണ് കുറച്ചിരിക്കുന്നത്. ചെറിയ ജലാശയങ്ങളുടെ 50 മീറ്റർ ദൂരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും.
നിലവിൽ ലൈഫ് പദ്ധതി ഉൾപ്പെടെ നൂറ് കണക്കിന് കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകളാണ് തീരദേശ പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്നത്. ഇപ്പോഴത്തെ ഇളവുകളോടെ ഇത്തരം അപേക്ഷകളിൽ മിക്കതിനും ശാപമോക്ഷമാകും. മുമ്പ് താത്കാലിക നമ്പറുകൾ ലഭിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് സ്ഥിരം നമ്പറും ലഭിക്കും.
പൊക്കാളി പാടശേഖരങ്ങളും പുഴകളും കൈത്തോടുകളും നിറഞ്ഞ വൈപ്പിൻകരയിലെ മിക്ക പഞ്ചായത്തുകളിലും നൂറു കണക്കിന് സാധാരണക്കാർക്ക് പുതിയ ഇളവുകൾ ആശ്വാസമാകും. പൊക്കാളി പാടശേഖരങ്ങളുടെ സ്ലൂയിസ് ബണ്ട് ഗേറ്റ് മുതൽ മാത്രമെ ഇനി മുതൽ അളവിൽ വരികയുള്ളൂ. മേൽ പറഞ്ഞ പഞ്ചായത്തുകളിൽ ആശ്വാസം ലഭിക്കുമ്പോഴും വിഷയത്തിൽ ഏറ്റവും കൂടുതൽ സമരം നടന്ന എടവനക്കാട് പഞ്ചായത്ത് പ്രദേശങ്ങൾ പുതിയ ഇളവിൽ ഉൾപ്പെടുന്നില്ല.