
കൊച്ചി: ചാർജ്ജിംഗ് സ്റ്റേഷനിൽ നിന്ന് യുവതിക്ക് ഷോക്കേറ്റതിന് കാരണം കണ്ടെത്താനാവാതെ കെ.എസ്.ഇ.ബി. പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല.
കെ.എസ്.ഇ.ബി ഇൻസ്‌പെക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ കാരണം അറിയാനാകൂ.
എറണാകുളം വടക്കൻ പറവൂരിൽ വാഹന ചാർജിംഗ് കേന്ദ്രത്തിലെ യന്ത്രത്തിൽ നിന്ന് പറവൂർ നഗരസഭാ മുൻ കൗൺസിലർ കെ.എൽ. സ്വപ്നക്കാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റത്.
തെറിച്ചുവീണ സ്വപ്നയുടെ കൈയിലും കാലിലും പൊള്ളലേറ്റിരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച ഒരു ചാർജിംഗ് സ്റ്റേഷനുകളിലും ഇത്തരത്തിലൊരു സംഭവം മുൻപൊന്നും ഉണ്ടായിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
കെ.എസ്.ഇ.ബിക്കായി ടയറെക്‌സ് കമ്പനിയാണ് ചാർജിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ആകെ 142 കിലോവാട്ടുള്ള സ്‌റ്റേഷനിൽ സ്വപ്‌ന ചാർജ് ചെയ്ത ഗണ്ണിന്റെ കപ്പാസിറ്റി 120 കിലോവാട്ടുമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. തങ്ങൾ സർക്കാരിനും സ്വകാര്യ മേഖലയിലുമായി നിരവധി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിൽ ആദ്യത്തെ സംഭവമാണ് ഇതെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
ഇൻസുലേഷൻ തകരാർ മുഖേനയോ ഷോർട്ട് സർക്യൂട്ട് മുഖേനയോയായിരിക്കാം തകരാറെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഇതിന് സാദ്ധ്യതയില്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ തെളിഞ്ഞു. അപകടത്തെത്തുടർന്ന് ചാർജിംഗ് കേന്ദ്രം താത്കാലികമായി അടച്ചു.
ഇവ കണ്ടെത്തണം 
എങ്ങനെ ഷോക്കേറ്റു ?
തകരാർ ചാർജിംഗ് മെഷീനോ ചാർജിംഗ് ഗണ്ണിനോ?
മെഷീൻ സ്ഥാപിച്ചതിൽ പിഴവുണ്ടോ?
 ചാർജിംഗ് മെഷീന് സമീപത്തെ വൈദ്യുതി ലൈനുകളിൽ നിന്ന് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?
സ്വപ്‌ന ആശുപത്രിയിൽ തന്നെ
ഇന്നലെ മുതൽ പറവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സ്വപ്‌നയുള്ളത്. ആദ്യം ഐ.സി.വിൽ പ്രവേശിപ്പിച്ചിരുന്ന സ്വപ്നയെ പിന്നീട് ഐ.സി.യുവിൽ നിന്ന് മാറ്റി. നിലവിൽ ശരീരമാകെയുള്ള വേദനയാണ് സ്വപ്നയെ അലട്ടുന്നത്. കൈയിലും കാലിലും കഴുത്തിലും ഷോക്കേറ്റതിനു ശേഷം പാടുകളുമുണ്ട്. തലവേദനയും നെഞ്ചുവേദനയുമാണ് മറ്റ് പ്രശ്‌നങ്ങൾ.
മെഷീൻ വയ്ക്കുമ്പോൾ അപകടം
കെ.എസ്.ഇ.ബിയുടെ മന്നം സബ് സ്റ്റേഷന് സമീപമുള്ള കേന്ദ്രത്തിലെ മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. വിവാഹ ശേഷം പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയ സ്വപ്ന അവിടേക്ക് പോകുന്നതിനു മുമ്പായി കാർ ചാർജ് ചെയ്യാനാണ് ചാർജിംഗ് കേന്ദ്രത്തിലെത്തിയത്. കാറിൽ 59 ശതമാനം ചാർജ് കയറിയപ്പോൾ മെഷീൻ പ്രവർത്തനരഹിതമായി. കാറിന്റെ കണക്ടറിൽ നിന്നു പ്ലഗ് വിച്ഛേദിച്ച ശേഷം മെഷീനിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്.