ആലുവ: നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ഓടിക്കയറാൻ ഒരുങ്ങി സംസ്ഥാന പൊതുമേഖലാ സ്ഥാപനം ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്.ഐ.ടി) ലിമിറ്റഡ്. ഇതിന്റെ ആദ്യപടിയായി ബി.പി.സി.എല്ലുമായി സഹകരിച്ച് പെട്രോൾ പമ്പ് തുറക്കും. ധാരണാപത്രം രണ്ടാഴ്ചക്കകം ഒപ്പുവച്ചേക്കും. മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും.
തായിക്കാട്ടുകരയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി 60 സെന്റ് സ്ഥലമാണ് പെട്രോൾ പമ്പിനായി എഫ്.ഐ.ടി വിട്ടുനൽകുക. ഇതിൽ 30 സെന്റ് എഫ്.ഐ.ടിയുടെ സ്വന്തം ഭൂമിയും ബാക്കി പാട്ടഭൂമിയുമാണ്. പാട്ടഭൂമി അളന്നുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് മറ്റ് നടപടികൾ വൈകിപ്പിച്ചത്. എഫ്.ഐ.ടിയുടെ അഭ്യർത്ഥന പ്രകാരം ഭൂമി അളവ് വേഗത്തിലാക്കാൻ ആലുവ തഹസിൽദാരോട് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മാന്യമായ സ്ഥലവാടക എഫ്.ഐ.ടിക്ക് ലഭിക്കും. പുറമെ പെട്രോൾ വില്പനയുടെ നിശ്ചിത ശതമാനവും ലഭിക്കും. വാടക സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും എഫ്.ഐ.ടിയുടെ ആവശ്യം പെട്രോളിയം കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ ആർ. അനിൽകുമാർ പറഞ്ഞു.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ് തുടങ്ങുന്നതിനും സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പെട്രോൾ പമ്പ് ആരംഭിച്ച ശേഷം വെയർഹൗസിനായുള്ള ശ്രമം ആരംഭിക്കും. മരം ഉത്പന്നങ്ങൾക്കൊപ്പം സ്റ്റീൽ ഫർണിച്ചർ നിർമ്മാണവും ആരംഭിക്കാൻ പദ്ധതിയുണ്ട്.
നോർക്കക്ക് വിട്ടുനൽകാതെ കാത്തുസൂക്ഷിച്ച ഭൂമി
എഫ്.ഐ.ടിയുടെ കൈവശമുള്ള ഭൂമിയിൽ അഞ്ചേക്കർ സ്ഥലം മുഖ്യമന്ത്രി ചെയർമാനായ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗിന് (ഒ.കെ.ഐ.എച്ച്.എൽ) വഴിയോര വിശ്രമകേന്ദ്രം നിർമ്മിക്കാൻ വിട്ടുനൽകാൻ നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നു. എഫ്.ഐ.ടി അധികൃതരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 30ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗം പദ്ധതി ഉപേക്ഷിച്ചത്.
ഷോറൂമും പ്ലാന്റും ഉൾപ്പെടെ ദേശീയപാതയ്ക്കരികിൽ എഫ്.ഐ.ടിക്ക് ഒന്നര ഏക്കർ ഭൂമി സ്വന്തമായും 7.6 ഏക്കറോളം പാട്ടഭൂമിയുമുണ്ട്. പാട്ടഭൂമിയിൽ നിന്ന് ഭൂമി വിട്ടുനൽകാനായിരുന്നു നിർദ്ദേശം.