മൂവാറ്റുപുഴ: അര ഏക്കർ സ്ഥലവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടും ട്രാക്കിലാകാതെ പോയാലിമല ടൂറിസം പദ്ധതി. പ്ലൈവുഡ് - ഖനന മാഫിയയുടെ ഇടപെടലാണ് പദ്ധതി നടത്തിപ്പിന് കാലതാമസം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. പോയാലി മലയിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് പായിപ്ര ഗ്രാമ പഞ്ചായത്ത് നേരത്തെ പദ്ധതി തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റവന്യൂ വകുപ്പ് അമ്പത് സെന്റ് സ്ഥലം പദ്ധതിക്കായി വിട്ടുനൽകുകയും ചെയ്തു. എന്നാൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ ഗ്രാമ പഞ്ചായത്ത് വിമുഖത കാട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം. പോയാലിമലയുടെ അടിവാരത്ത് പ്ലൈവുഡ് കമ്പനി തുറക്കുന്നതിന് സ്ഥലം വാങ്ങികൂട്ടിയവരും മറ്റൊരു വശത്ത് വർഷങ്ങൾക്ക് മുമ്പ് അടച്ച് പൂട്ടിയ കരിങ്കൽ ക്വാറി തുറക്കാൻ ശ്രമിക്കുന്നവരും ചേർന്നാണ് ടൂറിസം പദ്ധതി അട്ടിമറിക്കാൻ നീക്കം നടത്തുന്നത്. ഇവർക്ക് രാഷ്ട്രീയ - ഭരണ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് നേരിടുന്ന പ്രധാന പ്രശ്നം. പോയലിമല സംരക്ഷണ സമിതി രൂപീകരിച്ച് മല മുകളിൽ ജനകീയ കൺവൻഷൻ ചേർന്നിരുന്നു. ഇതിന് പിന്നാലെ ടൂറിസം വകുപ്പ് പഠനം നടത്തി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പോയാലി മലയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കുവാൻ കഴിയുന്ന നിലയിലാണ് ടൂറിസം പദ്ധതിക്ക് രൂപം നൽകിയത്.
പോയാലി മല സ്ഥിതി ചെയ്യുന്നത് മൂവാറ്റുപുഴ നഗരത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ മാത്രം എം.സി. റോഡിലെ പായിപ്ര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടെയെത്താം സമുദ്ര നിരപ്പിൽ നിന്ന് അഞ്ഞൂറ് അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടകുന്നുകളും കൊണ്ട് അനുഗ്രഹീതം ഐതിഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുളള ഒരിക്കലും വറ്റാത്ത കിണറും കാൽപാദങ്ങളുടെ അടയാളവും സഞ്ചാരികളെ വിസ്മയിപ്പിക്കുംമലമുകളിൽ നിന്നുള്ള ഉദയാസ്തമ കാഴ്ചകളും മനോഹരം ഇവിടെ ഉണ്ടായിരുന്നു വെള്ളച്ചാട്ടം കരിങ്കൽ ഖനനം മൂലം അപ്രത്യക്ഷമായി
മലയിൽ എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡും റോപ് വേയും നിർമ്മിക്കണം. വ്യൂ പോയിന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകി എത്തും. പോയാലിമല ടൂറിസം പദ്ധതി നടപ്പിലായാൽ നിരവധി പേർക്ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിർത്താൻ കഴിയും
അസീസ് കുന്നപ്പിള്ളി
പരിസ്ഥിതി പ്രവർത്തകൻ