1
റോറോയിലെ തിരക്ക്

ഫോർട്ടുകൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി അഴിമുഖ യാത്രാദുരിതം തുടരുന്നു. ഒന്നരമാസം കട്ടപ്പുറത്തായിരുന്ന സേതുസാഗർ ഒന്ന് റോ റോ വെസൽ ഈ മാസം ആറിന് വീണ്ടും സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ സേതുസാഗർ രണ്ട് വെസൽ വെള്ളിയാഴ്ച മുതൽ തകരാറിലായി. അഴിമുഖയാത്രയ്ക്ക് വീണ്ടും ഒരു റോറോ മാത്രമായതോടെ യാത്രാദുരിതം പഴയപടിയായി. മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾ മറുകര കടക്കുന്നത്. മറ്റ് യാത്രക്കാരും ദുരിതത്തിലാണ്. യന്ത്രത്തകരാറാണ് പതിവുപോലെ കാരണമായി പറയുന്നത്. എന്നുപരിഹരിക്കുമെന്നതിന് ഒരു ഉറപ്പുമില്ല.

ഇവിടെ സർവീസ് നടത്തിയിരുന്ന ഫോർട്ട്ക്യൂൻ ബോട്ടും ഒരു വർഷത്തിലേറെയായി സർവീസ് നടത്തുന്നില്ല. റോ റോ ഇടയ്ക്കിടെ തകരാറിലാകുന്നതിന് കാലപ്പഴക്കംകൂടി കാരണമാണെന്നാണ് പറയുന്നത്. അഴിമുഖത്ത് ഒഴുകി നടക്കുന്ന വലകളും കയറുകളും വെസലിന്റെ പ്രൊപ്പല്ലറിൽ ചുറ്റിപ്പിടിക്കുന്നതും സർവീസ് നിറുത്തി വയ്ക്കുന്നതിന് ഇടയാക്കാറുണ്ട്.

ദിനംപ്രതി നൂറുകണക്കിന് ജോലിക്കാരും വിദ്യാർത്ഥികളുമാണ് റോറോയെ ആശ്രയിക്കുന്നത്. ഇവിടെ നേരത്തെ സർവീസ് നടത്തിയിരുന്നതും നശിഞ്ഞുകൊണ്ടിരിക്കുന്നതുമായ ഫോർട്ട് ക്യൂൻ ബോട്ട് സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

* പ്രശ്നം പരിഹരിച്ചില്ലെങ്കിൽ

സമരം

അധികാരികൾ മുൻകൈ എടുത്ത് 2 റോറോയും 2 ബോട്ടും സർവീസ് നടത്തണമെന്നും നടപടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സാമൂഹ്യ പ്രവർത്തകരായ മുജീബ് റഹ്മാൻ , എ . ജലാൽ എന്നിവർ പറഞ്ഞു.

* വേണം മൂന്നാമത്തെ റോറോ

കൊച്ചി കോർപ്പറേഷൻ മുൻകൈ എടുത്ത് മൂന്നാമത്തെ റോ റോ സർവീസിന് ഇറക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആൻറണി കുരീത്തറ ആവശ്യപ്പെട്ടു.