തൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനത്തിലെ പ്ലാസ്റ്റിക് മാലിന്യ ശേഖരണകേന്ദ്രത്തിന്റെ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. എം.സി.എഫ് നിർമ്മാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത് ജനകീയ താത്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണ്. ഉറ്റവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നിടത്ത് മാലിന്യ സംസ്കരണം നടത്തുന്നത് ആചാരങ്ങൾക്ക് എതിരാണെന്ന് പ്രദേശവാസികൾ പറയുന്നു. ജനകീയസമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വള്ളി രവി വിഷയം ഉന്നയിച്ചു. പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, പി.എൽ. ബാബു, മധുസൂദനൻ എന്നിവർ സംസാരിച്ചു.