eye

കൊച്ചി: അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിന തകരാറുകൾ ഇന്ത്യയിൽ ഭയാനകമായി വർദ്ധിക്കുന്നതായി നേത്രരോഗ വിദഗ്ദ്ധർ. ജനസംഖ്യയും പ്രായമായവരും പ്രമേഹവും രക്തസമ്മർദ്ദവും വർദ്ധിക്കുന്നതുമാണ് പ്രധാന കാരണങ്ങൾ. ഉയർന്ന ചെലവ് മൂലം ചികിത്സ തുടരാൻ കഴിയാതെ പൂർണമായോ ഭാഗികമായോ അന്ധതയ്ക്ക് കീഴ്പ്പെടുന്നവരും വർദ്ധിക്കുന്നു.

വിളർച്ചയ്ക്കും കേൾവിക്കുറവിനും ശേഷമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ വൈകല്യമാണ് കാഴ്ചനഷ്ടം. തിമിരം, ഗ്ലോക്കോമ തുടങ്ങിയ കാഴ്ചവൈകല്യങ്ങളെക്കുറിച്ച് അവബോധമുണ്ട്. എന്നാൽ റെറ്റിന തകരാറുകൾ മൂലമുള്ള കാഴ്ചവൈകല്യങ്ങൾ വർദ്ധിക്കുകയാണ്. കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ചികിത്സിച്ചില്ലെങ്കിൽ കാഴ്ചനഷ്‌ടം വരെ സംഭവിക്കാം. സമയത്ത് കണ്ടെത്തിയാൽ 90 ശതമാനം അന്ധതയും ഒഴിവാക്കാം. കണ്ണിന്റെ പിൻഭാഗമായ റെറ്റിനയിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ മാറ്റുകയാണ് വേണ്ടത്.

വർദ്ധിച്ചുവരുന്ന പ്രമേഹബാധ റെറ്റിനയെ ബാധിക്കുന്നു. കണ്ണിന് ചികിത്സ തേടുന്ന നൂറിൽ പത്തുപേരും പ്രമേഹ ബാധിതരാണ്. പ്രമേഹനിയന്ത്രണം അന്ധത ഒഴിവാക്കാൻ പ്രധാനമാണ്. 40നും 50നുമിടയിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ചികിത്സാച്ചെലവ് വില്ലൻ

റെറ്റിനയെ സാരമായി ബാധിക്കുന്ന രോഗങ്ങൾക്കുള്ള ഉയർന്ന ചികിത്സാച്ചെലവ് രോഗികളെ അകറ്റുന്നുണ്ട്. കണ്ണിൽ കുത്തിവയ്‌പ്, ലേസർ എന്നീ ചികിത്സകളാണ് നൽകുക. രോഗാവസ്ഥയനുസരിച്ച് ഏഴായിരം മുതൽ 70,000 രൂപ വരെ ഒരു കുത്തിവയ്‌പിന് ചെലവാകും. വർഷത്തിൽ ഒന്നിലേറെ കുത്തിവയ്‌പ് എടുക്കേണ്ടിവരും. ചെലവ് താങ്ങാൻ കഴിയാത്തവർ ചികിത്സ തുടരാതെ പിന്മാറും.

ഇൻഷ്വറൻസ് പരിരക്ഷയിൽ നേത്രരോഗചികിത്സ പരിമിതമാണ്. കുത്തിവയ്‌പിന് ശേഷം അന്നുതന്നെ ആശുപത്രി വിടാം. കിടത്തിച്ചികിത്സ അല്ലാത്തതിനാൽ ഇൻഷ്വറൻസ് പരിരക്ഷ നൽകാറില്ല. കണ്ണ് സംബന്ധമായ ചികിത്സയ്ക്ക് പരിരക്ഷ ലഭിക്കുന്ന വിധത്തിൽ ഇൻഷ്വറൻസ് ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നാണ് വിദഗ്ദ്ധരുടെ ആവശ്യം.

ഇന്ത്യൻ സ്ഥിതി

പൂർണ അന്ധർ 5 ദശലക്ഷം

റെറ്റിന രോഗികൾ 11 ദശലക്ഷം

പ്രമേഹം, പ്രായം മൂലം 3.88 ദശലക്ഷം

വർദ്ധനവിന് പിന്നിൽ

നേത്രരോഗങ്ങളെക്കുറിച്ച് അറിവ് പരിമിതം

പ്രമേഹബാധിതർ കണ്ണ് പരിശോധിക്കുന്നില്ല

കൃത്യമായും തുടർച്ചയായും ചികിത്സ നേടുന്നില്ല

റെറ്റിന ചികിത്സാ വിദഗ്ദ്ധർ കുറവ്

സർക്കാർ ആശുപത്രികളിൽ നേത്രചികിത്സ കുറവ്

ചികിത്സ ഇങ്ങനെ

തുടക്കത്തിൽ കണ്ടെത്തിയാൽ എളുപ്പം

ആദ്യഘട്ടമെങ്കിൽ മരുന്ന് മാത്രം മതി

രണ്ടാംഘട്ടമെങ്കിൽ കുത്തിവയ്‌പ്പ്, ലേസർ ചികിത്സ ഞരമ്പിൽ രക്തസ്രാവമുണ്ടായാൽ ശസ്ത്രക്രിയ

പ്രമേഹബാധിതരും 40 വയസിന് മുകളിലുള്ളവരും വർഷത്തിൽ ഒരിക്കലെങ്കിലും നേത്രപരിശോധന നിർബന്ധമായും നടത്തണം. നേരത്തെ കണ്ടെത്തിയാൽ വലിയ പണച്ചെലവില്ലാതെ ഭേദമാക്കാവുന്ന ചികിത്സാരീതികളുണ്ട്


ഡോ. മഹേഷ്

ഗിരിധർ ഐ. ഹോസ്പിറ്റൽ, കൊച്ചി

പതിവായി ആശുപത്രിയിൽ എത്തേണ്ടതും സാമ്പത്തികബാദ്ധ്യതയും മൂലം ഗ്രാമീണമേഖലകളിലുള്ളവർ ചികിത്സയിൽ പിന്നിലാണ്.

ഡോ. തോമസ് ചെറിയാൻ

ലിറ്റിൽ ഫ്‌ളവർ ഐ. ഹോസ്പിറ്റൽ, അങ്കമാലി

പ്രസിഡന്റ്

കേരള സൊസൈറ്റി ഒഫ് ഒഫ്‌താൽമിക് സർജൻസ്