lorry
എടയാറിൽ നിന്നും ആലുവ ഭാഗത്തേക്ക് റെഡിമിക്സ് കോൺക്രീറ്റ് മിക്‌സിംഗ് യൂണിറ്റുമായെത്തിയ ടാങ്കർ ലോറി തോട്ടക്കാട്ടുകരയിൽ റോഡിന് കുറുകെയുള്ള അക്വഡേറ്റിനടിയിൽ കുടുങ്ങിയപ്പോൾ

ആലുവ: എടയാറിൽനിന്ന് ആലുവ ഭാഗത്തേക്ക് റെഡിമിക്സ് കോൺക്രീറ്റ് മിക്‌സിംഗ് യൂണിറ്റുമായെത്തിയ ടാങ്കർലോറി തോട്ടക്കാട്ടുകരയിൽ റോഡിന് കുറുകെയുള്ള അക്വഡേറ്റിനടിയിൽ കുടുങ്ങിയത് മൂന്നരമണിക്കൂറിലേറെ ഗതാഗതം തടസപ്പെടുത്തി.

ഇന്നലെ രാവിലെ ഏഴരക്ക് കുടുങ്ങിയ ലോറി 11 മണിയോടെയാണ് നീക്കിയത്. ഗൂഗിൾമാപ്പ് നൽകിയ എളുപ്പവഴിയിലൂടെ തോട്ടയ്ക്കാട്ടുകരവഴി ദേശീയപാതയിലേക്കു വരികയായിരുന്ന ലോറിയുടെ ക്യാബിൻഭാഗം കടന്ന ശേഷമാണ് കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവറും ക്ളീനറുമാണ് ലോറിയിലുണ്ടായിരുന്നത്. പകൽ സമയത്തായിട്ടും റോഡിന് കുറുകെയുള്ള അക്വഡേറ്റ് ശ്രദ്ധിക്കാതെ ലോറി ഓടിച്ചതാണ് കുഴപ്പമായത്.

പൊലീസും അഗ്നിരക്ഷാസേനയും എത്തിയെങ്കിലും ലോറി നീക്കാനായില്ല. പിന്നീട് ടയറുകളിലെ വായു നിശ്ചിതഅളവിൽ കുറച്ചശേഷം മറ്റൊരു ലോറി സ്ഥലത്തെത്തിച്ച് തള്ളി മാറ്റുകയായിരുന്നു. ഇതിനിടെ തോട്ടയ്ക്കാട്ടുകരമുതൽ പടിഞ്ഞാറേ കടുങ്ങല്ലൂർവരെ വാഹനങ്ങളുടെ നിരനീണ്ടതോടെ യാത്രക്കാർ വലഞ്ഞു.

മുന്നറിയിപ്പ് ബോർഡില്ലാത്തത് വിനയായി

റോഡിന്റെ ഇരുവശത്തും അക്വഡേറ്റിനെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന ബോർഡുകളില്ലാത്തതാണ് വിനയായത്. ക്രോസ്ബാറുകളുമില്ല. ഇതാണ് സ്ഥലപരിചയം ഇല്ലാത്ത ഡ്രൈവർമാരെ കുരുക്കിലാക്കുന്നത്. തോട്ടക്കാട്ടുകര റോഡ് വീതി കൂട്ടാനുള്ള നടപടി നടന്നുവരികയാണ്.