
ബ്രിട്ടീഷ് രാജിലും അടിയന്തരാവസ്ഥക്കാലത്തും നിർഭയം പോരാടിയ വിപ്ലവകാരിയാണ് എം.എം. ലോറൻസ്. എന്നാൽ സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങളിൽ അദ്ദേഹം മൗനസാക്ഷിയായിരുന്നോ? ഒടുവിൽ ലോറൻസിന്റെ അന്ത്യയാത്ര വരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ച ആദ്യകാലം. പാർട്ടിയെ നയിച്ചിരുന്ന നേതാക്കളിൽ ഒരു വിഭാഗം താത്വിക അവലോകനങ്ങൾക്കും മറ്റുചിലർ പാർലമെന്ററി ജനാധിപത്യത്തിന്റെ മുന്നൊരുക്കങ്ങൾക്കും നിയോഗിക്കപ്പെട്ടു. മൂന്നാമതൊരു വിഭാഗം വിപ്ലവത്തിലൂന്നി പ്രവർത്തിച്ചു. അവർ തൊഴിലാളി മുന്നേറ്റങ്ങൾക്കായി ജീവിതം നീക്കിവച്ചു. വി.എസ്. അച്യുതാന്ദൻ, എം.എം. ലോറൻസ് തുടങ്ങിയ നേതാക്കൾ ഈ ഗണത്തിൽപ്പെടുന്നവരായിരുന്നു.
അച്യുതാനന്ദൻ 1946ലെ പുന്നപ്ര വയലാർ സമരത്തിന്റെ പേരിലും ലോറൻസ് 1950ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പേരിലും തീപ്പൊരികളായി. അടിയന്തരാവസ്ഥക്കാലത്ത് വി.എസ്. 20 മാസവും ലോറൻസ് 16 മാസവും ജയിൽവാസമനുഭവിച്ചു. ലോറൻസ് തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ച് അവകാശസമരങ്ങൾ നയിച്ചതും ചരിത്രമായി. പിൽക്കാല രാഷ്ട്രീയത്തിൽ
വി.എസും ലോറൻസും വ്യത്യസ്ത ധ്രുവങ്ങളിലായെങ്കിലും പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കാത്ത നിലപാടുകളിലൂടെ ശ്രദ്ധേയരായി. തെറ്റായാലും ശരിയായാലും പാർട്ടി കമ്മിറ്റികളിൽ അവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു. ഇരുവരും ഏതാണ്ട് ഒരേസമയം വിശ്രമജീവിതത്തിലേക്ക് നീങ്ങുകയും ചെയ്തു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ലോറൻസിന്റെ മരണമുണ്ടായത്. അദ്ദേഹത്തിന്റെ രണസ്മരണകളേക്കാൾ ചർച്ചയായത്, ദൗർഭാഗ്യവശാൽ അന്ത്യയാത്ര സംബന്ധിച്ച വിവാദമായിരുന്നു.
മക്കൾ തമ്മിൽ
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു മൂത്തമക്കളായ അഡ്വ. എം.എൽ. സജീവനും സുജാത ബോബനും സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണ. ജീവിച്ചിരിക്കുമ്പോൾ ലോറൻസ് ഇത് പലരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു വാദം. എന്നാൽ ഇളയമകൾ ആശ ഇതിനെ ശക്തിയുക്തം എതിർത്തു. സംസ്കാരം പള്ളിയിൽ നടത്തണമെന്ന് വാശിപിടിച്ചു. ലോറൻസ് ഒരു മതവിശ്വാസിയായിരുന്നുവെന്നും സമർത്ഥിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് മൃതദേഹം വിട്ടുകൊടുക്കാൻ സമയം നിശ്ചയിച്ചിരുന്നത്. സഹോദരങ്ങൾ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ, അവസാനശ്രമമെന്ന നിലയിൽ ആശ ഹൈക്കോടതിയിൽ ഹർജി നൽകി. മൃതദേഹപേടകത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. 3.15ന് ഹൈക്കോടതി വിധി വന്നു. മൂന്ന് മക്കളേയും വാദംകേട്ട് അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്. അതുവരെ മൃതദേഹം സൂക്ഷിച്ചുവയ്ക്കാനും ഉത്തരവിട്ടു. തീരുമാനം കളമശേരി ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കളത്തിലായി. ബോഡി മോർച്ചറിയിലേക്ക് എടുക്കുമ്പോൾ പൊതുദർശനവേദിയായ ടൗൺഹാളിൽ ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായി.
നിശ്ശബ്ദ സാക്ഷി
പാർട്ടിയിൽ ഉറച്ച നിലപാടുകളെടുത്ത ലോറൻസ്, സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങളിൽ ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നോ? അങ്ങനെയാണ് മകൾ ആശയുടെ ഹർജിയിൽ വിവരിക്കുന്നത്:
ഗാന്ധിനഗറിൽ ലോറൻസ് സ്വന്തമായി പണിത വീട് സഹോദരൻ സ്വന്തമാക്കി. ഇവർക്കൊപ്പമായിരുന്ന മാതാവിനെ അനാവശ്യമായി പലപ്പോഴും മനോരോഗാശുപത്രിയിലാക്കി. 2005ൽ അമ്മയെ കണ്ടെത്താനാകാതെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകേണ്ടിവന്നു. പൊലീസ് സഹായത്തോടെ അന്ന് ഒരു മെന്റൽ ഹോസ്പിറ്റലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
അമ്മ പിന്നീട് സഹോദരിക്കൊപ്പം ഗൾഫിൽ പോയി. മടങ്ങിവന്നപ്പോൾ ഗാന്ധിനഗറിലെ വീട്ടിൽ കയറ്റാതെ വന്നു. തുടർന്ന് സഹോദരിയുടെ ഫ്ലാറ്റിൽ അമ്മയെ ജോലിക്കാരിക്കൊപ്പം താമസിപ്പിച്ചു. 2014ൽ അവിടെ വച്ച് പൊള്ളലേറ്റ നിലയിലാണ് മരിച്ചത്. സമീപത്ത് ആശുപത്രിയുണ്ടായിരുന്നെങ്കിലും മറ്റൊരു ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതിനെല്ലാം പിതാവ് നിശബ്ദ കാഴ്ചക്കാരനായി നിലകൊണ്ടുവെന്നാണ് ആശ പറയുന്നത്.
വയ്യാതായപ്പോൾ ലോറൻസും അവഗണന നേരിട്ടെന്നും ഇളയമകൾ പറയുന്നുണ്ട്. ''പിതാവ് 2021വരെ ഗാന്ധിനഗറിലെ വസതിയിലായിരുന്നു. തുടർന്ന് സഹോദരന്റെ സുഹൃത്ത് അഡ്വ. അരുൺ ആന്റണിയുടെ വീട്ടിലേക്ക് മാറ്റി. അവിടെ ഭക്ഷണമോ പരിചരണമോ ലഭിച്ചില്ല. പാർട്ടി ജില്ല ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്ന് ഭക്ഷണം കൊടുത്തിരുന്നു. എന്നാൽ പ്രവർത്തകർ മടുത്തതോടെ പിതാവിനെ മറ്റു മക്കൾ ചേർന്ന് ആശുപത്രിയിലാക്കി ബാദ്ധ്യത ഒഴിവാക്കാൻ ശ്രമിച്ചു."" ആശയുടെ ഹർജിയിൽ ആരോപിച്ചിക്കുന്നു. എന്നാൽ ആരോപണങ്ങൾക്ക് പിന്നിലും പൊതുദർശന വേദിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നിലും രാഷ്ട്രീയമുണ്ടെന്നാണ് മൂത്തമകൻ സജീവൻ സൂചിപ്പിച്ചത്. ആശയുടെ മകൻ ബി.ജെ.പി. ചേരിയിലെത്തിയെന്ന വാർത്തകൾ മുൻനിറുത്തിയായിരുന്നു പരാമർശം. ആശയുടെ അഭിഭാഷകൻ കൃഷ്ണരാജിന്റെ സംഘപരിവാർ ബന്ധവും വിവാദം വഷളാക്കി.
മെഡിക്കൽ പഠനത്തിന് തന്നെ
തർക്കങ്ങളുണ്ടായി 48 മണിക്കൂറും പിന്നിട്ടശേഷമാണ് തീരുമാനം വന്നത്. ലോറൻസിന്റെ മൃതദേഹം കല്ലറയിലേക്കല്ല, മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനമേശയിലേക്കാണെന്ന്. കളമശേരി മെഡിക്കൽ കോളേജിലെ അഡ്വൈസറി കമ്മിറ്റി ലോറൻസിന്റെ മക്കളുമായി ഒരു ദിനം മുഴുവൻ ചർച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. തുടർന്ന് അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കുകയായിരുന്നു. തന്റെ മൃതദേഹം പഠനത്തിന് വിട്ടുകൊടുക്കണമെന്ന് ലോറൻസ് ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിട്ടുണ്ടെന്ന് പലരും സാക്ഷി മൊഴികൾ നൽകിയ സാഹചര്യത്തിലാണ്. അങ്ങനെ സമൂഹം ആഗ്രഹിക്കാത്ത ഒരു പ്രതിസന്ധിക്ക് വിരാമമായി.
അതേസമയം, ഈ പ്രശ്നം സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. തീരുമാനമെടുത്ത മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ആശയുടെ അഭിഭാഷകൻ വദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതി പൊലീസിലുണ്ട്. പൊതുദർശനത്തിനിടെ സി.പി.എം. പ്രവർത്തകർ മർദ്ദിച്ചെന്നാരോപിച്ച് ലോറൻസിന്റെ കൊച്ചുമകൻ മിലൻ കേസ് കൊടുത്തിട്ടുണ്ട്. സഹോദരീ ഭർത്താവ് മകനെ മർദ്ദിച്ചെന്നു കാണിച്ച് ആശ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിതാവിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തതിനെതിരേ നിയമപോരാട്ടം തുടരുമെന്നും ആശ സൂചിപ്പിച്ചിട്ടുണ്ട്. മരണം പോലും വിവാദമാകുന്ന അവസരത്തിൽ, ഒരു കാര്യത്തിൽ ആശ്വസിക്കാം. മരിച്ചവർ ഒന്നും അറിയുന്നില്ലല്ലോ എന്ന്...