football

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്ന് തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. കൊച്ചി കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ലീഗിൽ ഇതുവരെ തോൽവിയറിയാത്ത കൊമ്പൻസിന് ഇന്ന് ജയിച്ചാൽ ലീഗ് ടേബിളിൽ ഒന്നാംസ്ഥാനം കൈവരും. മൂന്ന് കളികളിൽ രണ്ട് സമനിലയുള്ള ഫോഴ്‌സ കൊച്ചിക്ക് സ്വന്തം മൈതാനത്ത് വിജയം നിർണായകമാണ്.

തിരുവനന്തപുരം കൊമ്പൻസിന്റെ ശരാശരി പ്രായം 22 ആണ്. ടീമിന്റെ കരുത്ത് ബ്രസീലിയൻ താരങ്ങളാണ്. പരിശീലകൻ അലക്‌സാന്ദ്രേക്കൊപ്പം ഡവി കൂൻ, ഔതമർ ബിസ്‌പോ, മാർക്കോസ് വീൽഡർ, റിനാൻ ജനാരിയോ, പാട്രിക് മോത്ത, ഗോൾകീപ്പർ മിഷേൽ അമേരിക്കോ എന്നിവരും ബ്രസീലുകാരാണ്. സീസൺ , ശരത്ത്, അസ്ഹർ, അഖിൽ തുടങ്ങിയ മലയാളി താരങ്ങളുമുണ്ട്. തമിഴ്‌നാട്ടുകാരൻ കാലി അലാവുദ്ദീനാണ് സഹപരിശീലകൻ.

ഉദ്ഘാടന മത്സരത്തിൽ ഫോഴ്‌സ കൊച്ചി, മലപ്പുറം എഫ്‌.സിയോട് രണ്ട് ഗോളിന് തോറ്റിരുന്നു. ലീഗിൽ നിലയുറപ്പിക്കാൻ നടൻ പ്രിഥ്വിരാജിന്റെ ടീമിന് ജയം നിർണായകമാണ്. പരിശീലകൻ മരിയോ ലെമോസ് പരിശീലകനായ ഫോഴ്‌സ കൊച്ചി ആഫ്രിക്കൻ താരങ്ങളാൽ സമ്പന്നമാണ്. ടുണീഷ്യൻ ഇന്റർനാഷണൽ മുഹമ്മദ് നിദാൽ, ഐവറി കോസ്റ്റിൽ നിന്നുള്ള ജീൻ ബാപ്പിസ്റ്റെ, ദക്ഷിണാഫ്രിക്കക്കാരൻ സിയാൻഡ ഗുമ്പോ, കൊളംബിയൻ താരം ലൂയിസ് റോഡ്രിഗസ്, ബ്രസീലിയൻ റാഫേൽ അഗസ്റ്റോ തുടങ്ങിയവർ ബൂട്ടണിയും. സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ആസിഫ്, നൗഫൽ, അജയ് അലക്‌സ് എന്നിവരും ടീമിന് കരുത്താവും. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് ഫോഴ്‌സയുടെ സഹപരിശീലകൻ.